ഗുരുവായൂര്‍: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് നിറുത്തി വെച്ച ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാഹങ്ങള്‍ക്ക് 78-ദിവസത്തെ ഇടവേളയ്ക്കുശേഷം തുടക്കമായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ നടത്താന്‍ ഭരണസമിതി തീരുമാനമെടുത്തശേഷം, മുന്‍കൂട്ടി ബുക്കു ചെയ്തതനുസരിച്ചാണ് വിവാഹത്തിന് ദേവസ്വം അനുമതി നല്‍കുന്നത്. ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒമ്പത് വധൂവരന്മാര് ഗുരുവായുരപ്പനെ സാക്ഷി നിര്‍ത്തി മംഗല്ല്യചാര്ത്തണിഞ്ഞു. രാവിലെ ഉഷ:പൂജ കഴിഞ്ഞ് 6.30-നാണ് ആദ്യവിവാഹം നടന്നത്. 10-30-ന് ഒമ്പതാമത്തേതും. പാലക്കാട്, എറണാകുളം തുടങ്ങി വിവിധ ജില്ലകളില്‍ നിന്നും വധൂവരന്മാര് കുടുംബത്തോടൊപ്പമെത്തി. കോവിഡ് ലോക്ക് ഡൌണ്‍ മൂലം തീയതി മാറ്റി വെച്ച വിവാഹങ്ങളാണ് നടന്നതിലധികവും. മാര്‍ച്ച് 24ന് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതോടെ ക്ഷേത്രത്തില്‍ നിര്‍ത്തി വെച്ചിരുന്ന വിവാഹ ചടങ്ങുകളാണ് ഇന്നലെ പുനരാരംഭിച്ചത്. ആദ്യ ദിവസമായ ഇന്നലെ വിവാഹങ്ങള്‍ക്ക് ആരും രജിസ്റ്റര്‍ ചെയ്തില്ല.
വധുവരന്മാര് ഉള്‍പ്പെടെ 10 പേരെ മാത്രമാണ് വിവാഹ മണ്ഡപത്തിലേക്ക് പ്രവേശിപ്പിച്ചത്. സര്‍ക്കാരിന്റെ സുരക്ഷാ നിര്‍ദ്ദേശങ്ങളും കൃത്യമായ അകലവും പാലിച്ചാണ് വിവാഹങ്ങള്‍ നടന്നത്. പുറത്തുനിന്ന് വരുന്നവരെ പരിശോധിക്കാനായി ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ ടീം സജ്ജമായിരുന്നു. തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് ഊഷ്മാവ് അളന്ന് ശേഷം സാനിറ്റൈസര്‍ കൊണ്ട് അണുനശീകരണം നടത്തിയാണ് അകത്തേക്ക് കയറ്റിയത്. വിവാഹ മണ്ഡപത്തിലും താലി ചാര്‍ത്തുന്നതിനു മുന്‍പ് പൂജാരി വധൂവരന്മാര്ക്ക് സാനിറ്റൈസര്‍ നല്കി കൈകള്‍ ശുദ്ധമാക്കി. പോലീസും ദേവസ്വവും കൃത്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു.

വിവാഹത്തിനുമുമ്പ് താലിപൂജ നടത്താന്‍ അനുവദിയ്ക്കില്ലെങ്കിലും, വിവാഹത്തോടനുബന്ധിച്ചുള്ള ഭഗവാന്റെ തുളസിമാല, നാദസ്വരം എന്നിവയ്ക്ക് മുടക്കമില്ല. വിവാഹങ്ങള്‍ക്ക് ദേവസ്വം 12-മണിവരെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും, വിവാഹങ്ങള്‍ കുറവായതിനാല്‍ പത്തരയോടെ അവസാനിച്ചു. വിവാഹങ്ങള്‍ക്ക് ക്ഷേത്രം കോയ്മ തൃക്കാവില്‍ തെക്കേമഠം അശോകന് സ്വാമി മുഖ്യകാര്‍മ്മികത്വം വഹിച്ചു. സുരക്ഷാക്രമീകരണങ്ങള്‍ക്ക് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസും, ഗുരുവായൂര്‍ ദേവസ്വം സീനിയര്‍ സുരക്ഷാ ഉദ്യോഗസ്ഥന് വി. ഹരിദാസ്, എസ്. സുബ്രഹ്മണി എന്നിവരും നേതൃത്വം വഹിച്ചു. ശനിയഴ്ചത്തേക്ക് ഒരു വിവാഹം മാത്രമാണ് ബുക്ക് ചെയ്തിട്ടുള്ളത്. ഇതുവരെ 76 വിവാഹങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ക്ഷേത്രത്തിലേക്കുള്ള പ്രവേശനം മേൽപ്പത്തൂർ ഓഡിറ്റോറിയം വരെയാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്