തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. രാത്രിയിലും പലയിടത്തും ശക്തമായ മഴയുണ്ടായിരുന്നു.

ADVERTISEMENT

കോഴിക്കോട് ജില്ലയിലെ വടകരയിലാണ് ഇന്നലെ കൂടുതൽ മഴ രേഖപ്പെടുത്തിയത്, 12 സെൻറീമീറ്റർ. ഉരുൾപൊട്ടൽ മേഖലയിലും, നദി തീരത്തും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ജലനിരപ്പ് നിലനിർത്തുന്നതിന്‍റെ ഭാഗമായി അരുവിക്കര ഡാമിന്‍റെ ഷട്ടര്‍ 80 സെന്‍റീമീറ്റര്‍ ഉയർത്തി.

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ തെക്ക്-പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ, സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിലുണ്ട്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം വിലക്കി. കടലാക്രമണ സാധ്യതയുള്ള തീരദേശവാസികൾ മുൻകരുതൽ എടുക്കണമെന്നാണ് നിർദേശം.

ശക്തമായ മഴ ജൂണ്‍ ഏഴുവരെ തുടരും

സംസ്ഥാനത്ത് ജൂണ്‍ ഏഴ് വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

2020 ജൂൺ 4 :

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

2020 ജൂൺ 5 :

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ

2020 ജൂൺ 6 :

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ

2020 ജൂൺ 7 :

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞ അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കുക എന്നതാണ്.

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2020 ൽ വിശദീകരിക്കുന്നുണ്ട്.

COMMENT ON NEWS

Please enter your comment!
Please enter your name here