സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം സ്വദേശിനിയായ മീനാക്ഷി അമ്മാൾ (73) ആണ് മരണപ്പെട്ടത്. മിനിഞ്ഞാന്ന് രാത്രി 10.30ഓടെയായിരുന്നു മരണം. ചെന്നൈയിൽ മകനോടൊപ്പം താമസിച്ചിരുന്ന ഇവർ കഴിഞ്ഞ മാസം 25നാണ് നാട്ടിലെത്തിയത്.

സഹോദരനോടും കൊച്ചുമകനോടുമൊപ്പം ഒരു കാറിലാണ് ഇവർ എത്തിയത്. ഇവർ മണ്ണംപറ്റയിലെ സഹോദരൻ്റെ വീട്ടിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. നാട്ടിലേക്കെത്തുമ്പോൾ തന്നെ ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്ന ഇവർക്ക് ആദ്യം നടത്തിയ കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവായിരുന്നു. ഇതേ തുടർന്ന് ഇവരോട് വീട്ടിൽ നിരീക്ഷണം തുടരാൻ നിർദ്ദേശിച്ചു. തുടർന്ന് 28ന് പനി അധികമാവുകയും മൂത്രാശയ സംബന്ധമായ രോഗമുണ്ടാവുകയും ചെയ്തു. പ്രമേഹ രോഗി കൂടിയാണ് മീനാക്ഷി അമ്മാൾ. തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യനില വഷളാവുകയായിരുന്നു. വെൻ്റിലേറ്ററിലേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നതിനിടെയായിരുന്നു മരണം.

ഇവരോടൊപ്പം നാട്ടിലെത്തിയ കൊച്ചുമകനും പനിയുണ്ട്. ഇയാളും ആശുപത്രിയിലാണ്. മരണം സംഭവിക്കുന്നതിനു മുൻപുള്ള പരിശോധനാഫലം നെഗറ്റീവായിരുന്നു. മരണപ്പെട്ടതിനു ശേഷം വീണ്ടും പരിശോധന നടത്തുകയും പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആയിരുന്നു എന്ന് മനസ്സിലാവുകയും ചെയ്തു. മൃതദേഹം ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here