മഹാരാഷ്ട്രയിലെ സ്ഥിതി ആശങ്ക ഉളവാക്കുന്നതാണെന്ന് കേരളത്തില്‍ നിന്ന് പോയ മെഡിക്കല്‍ സംഘം. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ചികിത്സാ സൌകര്യങ്ങളില്ല. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം വേണമെന്നും സംഘം പറഞ്ഞു. ഓരോ ദിവസവും മഹാരാഷ്ട്രയില്‍ കുതിച്ചുയരുന്ന കോവിഡ് കേസുകളുടെ കണക്കുകള്‍ ആശങ്കയോടെയാണ് കാണുന്നത്. ദിവസവും 4000ത്തിനും 5000നും ഇടക്കാണ് രോഗികളുടെ എണ്ണം. കേട്ടതിനേക്കാള്‍ ഭീകരമാണ് മഹാരാഷ്ട്രയിലെ സ്ഥിതിയെന്ന് മെഡിക്കല്‍ സംഘത്തെ നയിക്കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് എസ് സന്തോഷ് കുമാര്‍ പറഞ്ഞു.

ADVERTISEMENT

മുംബൈ കോര്‍പ്പറേഷന്‍ നടത്തുന്ന കോവിഡ് ആശുപത്രിയായ സെവന്‍ ഹില്‍സ് ആശുപത്രിയിലാണ് മലയാളി സംഘം പ്രവര്‍ത്തിക്കുന്നത്. 20 കിടക്കയുള്ള ഐസിയു സംഘം സജ്ജമാക്കി. തിരുവനന്തപുരം എസ് പി ഫോര്‍ട്ട് ആശുപത്രിയിലെ ഡോ.സജേഷ് ഗോപാലനും ഡോ. സന്തോഷ് കുമാറുമാണ് മഹാരാഷ്ട്രയില്‍ ആദ്യം എത്തിയത്. ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടുന്ന 150 പേരുള്ള സംഘം ഇവര്‍ക്കൊപ്പമുള്ളത്. അതില്‍ 16 പേര്‍ കഴിഞ്ഞ ദിവസം മുംബൈയിലെത്തി. ബാക്കിയുള്ളവര്‍ ഉടന്‍ മുംബൈയിലെത്തും.

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 170ലധികമാണ്. ആകെ മരണം 5,800 കടന്നു. അതേസമയം രോഗമുക്തി 48 ശതമാനത്തില്‍ അധികമാണെന്നും മരണ നിരക്ക് മൂന്ന് ശതമാനത്തിൽ താഴെ മാത്രമാണെന്നും ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു. 119 കുടിയേറ്റ തൊഴിലാളികളടക്കം 348 പേ൪ക്കാണ് യുപിയിൽ മാത്രം പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയിലെ ധാരാവിയിൽ 25 പേ൪ക്ക് കോവിഡ് സ്ഥിരീകരിച്ചതടക്കം മഹാരാഷ്ട്രയിൽ 2000ലധികം പേ൪ക്ക് കോവിഡ് ബാധിച്ചു. ഡൽഹിയിൽ ഇന്നലെയും 1298 പേ൪ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉത്തരാഖണ്ഡിൽ 41 പേ൪ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകൾ രണ്ട് ലക്ഷത്തിന് മുകളിലായി.

എന്നാൽ ആരോഗ്യ മന്ത്രാലയം ഒടുവിൽ പുറത്തുവിട്ട കണക്കനുസരിച്ച് 97581 പേരാണ് ചികിത്സയിലുള്ളത്. 95526 പേര്‍ക്ക് രോഗം ഭേദമായി. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗമുക്തി നിരക്ക് കൂടുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 48%ത്തിന് മുകളിലാണ് രോഗമുക്തി നിരക്ക്. 2.82% മാത്രമാണ് രാജ്യത്തെ മരണ നിരക്ക്. സമൂഹ വ്യാപനം എത്രയോ അകലെയാണെന്നും കേന്ദ്രം വ്യക്തമാക്കി.

എന്നാൽ വേൾഡോ മീറ്റേഴ്സിന്റെ കണക്ക് അനുസരിച്ച് ഇന്ത്യ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോ൪ട്ട് ചെയ്ത ഏഴാമത്തെ രാജ്യമായി. ഏഷ്യയിൽ ഒന്നാം സ്ഥാനത്താണ്. ഏഴ് സംസ്ഥാനങ്ങളിൽ രോഗാവസ്ഥ ഗുരുതരമായി തുടരുന്നു. താരതമ്യേന കേസുകൾ കുറഞ്ഞ സംസ്ഥാനങ്ങളിലും ദിനംപ്രതി രോഗബാധ കൂടുകയാണ്. ജാ൪ഖണ്ഡിൽ 675 ആയും മണിപ്പൂരിൽ 85ആയും ചണ്ഡീഗഡിൽ 301ആയും കേസുകൾ ഉയ൪ന്നു. ഡൽഹി ലെഫ്. ഗവ൪ണറുടെ ഓഫീസിലെ 13 പേരടക്കം 19 ഡൽഹി സ൪ക്കാ൪ ഉദ്യോഗസ്ഥ൪ക്ക് കോവിഡ് സ്ഥിരീകരിച്ചു

COMMENT ON NEWS

Please enter your comment!
Please enter your name here