കുഞ്ഞുങ്ങളുടെ അശ്ലീല ദൃശ്യങ്ങൾക്കായി വാട്സാപ്പ് ഗ്രൂപ്പ് ‘ആചാരവെടി’! ഞെട്ടിക്കുന്ന വിവരം, എല്ലാവരും കുടുങ്ങും..

മലപ്പുറം : ‘ഗ്രൂപ്പിന്റെ വിവരങ്ങൾ പുറത്തുവിടരുത്.. നിബന്ധനകൾ കർശനമായി പാലിച്ചിരിക്കണം.. ഗ്രൂപ്പ് അംഗങ്ങളുടെ അടുത്ത പരിചയക്കാരിൽ താൽപര്യമുള്ളവർക്കു മാത്രമാണ് അംഗത്വം..’ കുട്ടികളുടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്ന വാട്സാപ് ഗ്രൂപ് ‘ആചാരവെടി’യുടെ പ്രവർത്തനം കർശന നിബന്ധനകളോടെയായിരുന്നെന്നാണ് വ്യക്തമായതെന്ന് കേസന്വേഷണത്തിനു നേതൃത്വം നൽകിയ ചങ്ങരംകുളം പൊലീസ് ഇൻസ്പെക്ടർ ബഷീർ ചിറയ്ക്കൽ മനോരമ ഓൺലൈനോടു പറഞ്ഞു.

നിലവിൽ മൂന്നു പേരെ അറസ്റ്റു ചെയ്തെങ്കിലും ഗ്രൂപ്പിൽ അംഗങ്ങളായിരുന്ന മുഴുവൻ പേർക്കും എതിരെ കേസ് വരും. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകും. ഗ്രൂപ്പ് അംഗങ്ങളിൽ പലരും വിദേശത്തുള്ളവരാണ്. ഇവർക്കെതിരെയും നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 25 ദിവസമായി മലപ്പുറം പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം ഈ കേസിനു പിന്നാലെയുണ്ട്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നതും പ്രചരിപ്പിക്കുന്നതും രാജ്യാന്തര തലത്തിൽത്തന്നെ കടുത്ത കുറ്റമാണ്. കുട്ടികൾക്കു നേരേയുള്ള ആക്രമണങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന യുനിസെഫാണ് കേരളത്തിൽ ഇത്തരം ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്ന വിവരം കണ്ടെത്തിയത്. ഈ വിവരം ഇന്റർപോൾ മുഖേന സംസ്ഥാന ക്രൈം എഡിജിപി മനോജ് ഏബ്രഹാമിനെ അറിയിച്ചു. കുറ്റിപ്പാല സ്വദേശി അശ്വന്താണ് ഗ്രൂപ് അഡ്മിനെന്നു തിരിച്ചറിഞ്ഞതോടെ എഡിജിപി അന്വേഷണ ചുമതല മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ ഏൽപിക്കുകയും സൈബർഡോമിന്റെ സഹായത്തോടെ അന്വേഷണം നടത്തുകയുമായിരുന്നു.

15 വീടുകളിൽ ഒരേ സമയം റെയ്ഡ്

മലപ്പുറം ജില്ലയിൽ നിന്നുള്ള 15 പേരാണ് ‘ആചാരവെടി’ ഗ്രൂപ്പിലുണ്ടായിരുന്നത്. ഇവരെ ഒരുമിച്ചു പിടികൂടാനായി സംയുക്ത റെയ്ഡിനായിരുന്നു പദ്ധതി. ഇതിനായി എല്ലാവരുടെയും വീടുകളുള്ള പൊലീസ് സ്റ്റേഷൻ പരിധി കണ്ടെത്തുകയും റെയ്ഡിന് 15 സ്റ്റേഷനുകളിലും നിർദേശം നൽകുകയും ചെയ്തു. തുടർന്ന് അഡ്മിൻ ഉൾപ്പെടെ 13 പേർ പിടിയിലായെന്നാണ് സൂചന. രണ്ടുപേർ ഗൾഫിലാണ്.

പിടിയിലായ ചിലരുടെ ഫോണുകളും കണ്ടെടുത്തപ്പോൾ ചിലയിടത്ത് ഫോൺ കണ്ടെത്താനായിട്ടില്ല. വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസന്വേഷണവും തുടർ നടപടികളും പുരോഗമിക്കുകയാണ്. ഗുരുവായൂർ, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരെല്ലാം ഗ്രൂപ്പിൽ അംഗങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതര ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് കൂടുതൽ പേരെ പ്രതിചേർക്കാനാണ് പൊലീസ് ആലോചിക്കുന്നത്.

കണ്ടെത്തിയത് ദൃശ്യങ്ങളുടെ വൻ ശേഖരം

അറസ്റ്റിലായ ഗ്രൂപ്പ് അഡ്മിന്റേതുൾപ്പടെയുള്ളവരുടെ ഫോണുകളിൽ കുട്ടികളുടേത് ഉൾപ്പെടെ അശ്ലീല ദൃശ്യങ്ങളുടെ വൻ ശേഖരമാണ് കണ്ടെത്തിയത്. കുട്ടികളുടെ ദൃശ്യങ്ങളോടു താൽപര്യമുള്ളവരാണ് ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും എന്നാണ് വ്യക്തമായത്. ഇന്ത്യയിൽ നിന്നുള്ള കുട്ടികളുടെയും വിദേശികളായ കുട്ടികളുടെയും ദൃശ്യങ്ങൾ ഇവരിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. സാധാരണ നിലയിൽ ഇന്റർനെറ്റിൽ ഇത്തരം ദൃശ്യങ്ങൾ ലഭ്യമല്ലാതിരിക്കെ ഇവ ഡാർക് വെബ് വഴി ഡൗൺലോഡ് ചെയ്തെടുത്തതാകും എന്നാണ് വിലയിരുത്തൽ. രാജ്യാന്തര നിയമങ്ങൾ പ്രകാരം, കുട്ടികളുടെ നഗ്നത അന്വേഷണത്തിന്റെ ഭാഗമായി പോലും കാണുന്നത് കുറ്റമായാണു പരിഗണിക്കുക. അതുകൊണ്ടു തന്നെ ഗ്രൂപ്പിൽ ദൃശ്യങ്ങൾ പങ്കുവച്ചവർ മാത്രമല്ല, അതിൽ അംഗങ്ങളും കുറ്റക്കാരാകും.

പ്രതികളെ പിടിക്കാൻ രാജ്യാന്തര സഹായം

വാട്സാപ്പിന്റെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ മൂലം തങ്ങൾ സുരക്ഷിതരാണെന്നു ധരിച്ചാണ് ഇവർ അശ്ലീലദൃശ്യങ്ങൾ കൈമാറിയിരുന്നതെന്നാണ് കരുതുന്നത്. എന്നാൽ ഇന്റർപോളിന്റെ ഇടപെടലിൽ വാട്സാപ്പും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. പ്രതികളെ പിടികൂടാൻ ഇന്റർപോളിനും സൈബർ ഡോമിനും ഒപ്പം വാട്സാപ്പിന്റെയും സഹകരണമുണ്ടാകുമെന്നാണ് സൂചന. കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങളുടെ കാര്യത്തിൽ വ്യക്തിസ്വകാര്യതയ്ക്ക് ഒരു പ്രസക്തിയുമില്ലെന്ന നിലപാടാണത്.

സാധാരണ നിലയിൽ ഗ്രൂപ്പ് വിവരങ്ങളും സന്ദേശങ്ങളും വാട്സാപ്പിൽ നിന്ന് ചോർത്തിയെടുക്കുക സൈബർഡോമിനും അത്ര എളുപ്പമല്ല എന്നിരിക്കെയാണ് മുഴുവൻ പ്രതികളും പൊലീസിന്റെ വലയിലായത്. ചൈൽഡ് പോൺ അടക്കമുള്ള കടുത്ത കുറ്റകൃത്യങ്ങളിൽ‌ ഏർപ്പെടുന്നവർക്ക് രക്ഷപ്പെടാൻ പഴുതുകളില്ല എന്നതിനു തെളിവാണിതെന്നും അത്തരക്കാരെ എന്തുവില കൊടുത്തും പിടികൂടുമെന്നും പൊലീസ് അധികൃതർ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button