ഓണ്‍ലൈന്‍ പഠനം ആരംഭിച്ചത് വേണ്ടത്ര മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാതെയോ?

മലപ്പുറത്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ, വേണ്ടത്ര മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാതെയാണ് ഓൺലൈൻ പഠനം ആരംഭിച്ചതെന്ന ആരോപണം ശക്തിപ്പെടുന്നു. അസൗകര്യമുള്ള കുട്ടികളുടെ കണക്കെടുപ്പ് ബി.ആർ.സി. പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പേയാണ് ക്ലാസുകൾ ആരംഭിച്ചത്. വേണ്ടത്ര ക്രമീകരണമേർപ്പെടുത്താൻ സാവകാശം നൽകിയില്ലെന്ന് പഞ്ചായത്ത് അധികൃതരും വ്യക്തമാക്കി. ബി.ആർ.സി. തലത്തിൽ നടത്തിയ കണക്കെടുപ്പിൽ കുറ്റിപ്പുറം ബ്ലോക്കിൽ 260 കുട്ടികളെയാണ് ഓൺലൈൻ പഠനത്തിന് അസൗകര്യമുള്ളതായി കണ്ടെത്തിയത്. ദേവികയും ഈ ലിസ്റ്റില്‍ ഉൾപ്പെട്ടിരുന്നു. എന്നാല്‍ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയോ ബദൽ മാർഗ്ഗം ഒരുക്കയോ ചെയ്യുന്നതിന് മുമ്പേ ഓൺലൈൻ പഠനം ആരംഭിച്ചു.

ഓൺലൈൻ പഠനത്തിന് അസൗകര്യമുള്ള വിദ്യാർത്ഥികൾക്ക് ലഭ്യമായ സമയ പരിധിയിൽ, പ്രാദേശികാടിസ്ഥാനത്തിൽ സംവിധാനം ഒരുക്കാൻ ബന്ധപ്പെട്ടവർ തയ്യാറെടുക്കുന്നതിനിടെയിലാണ് ദേവികയുടെ ആത്മഹത്യ. പഞ്ചായത്തിന് മുന്നൊരുക്കങ്ങൾ നടത്താൻ കഴിയാത്ത രീതിയിൽ വൈകിയാണ് നിർദേശം ലഭിച്ചതെന്നും ആക്ഷേപമുണ്ട്. അതിനിടെ ഓണ്‍ലൈന്‍ ക്ലാസ് ലഭ്യമല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ബദല്‍ സംവിധാനമൊരുക്കാനുള്ള നടപടികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് വേഗം കൂട്ടിയിട്ടുണ്ട്. ഐടി അറ്റ് സ്കൂളിന് കീഴിലുള്ള ലാപ്‍ടോപ്പ് ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് മാര്‍ഗനിര്‍ദേശം ഇന്നലെ പുറത്തിറക്കി.

ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രാപ്യമല്ലാത്ത 2,61,784 വിദ്യാര്‍ഥികള്‍ സംസ്ഥാനത്തുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. ഇവര്‍ക്കായി ഐറ്റി അറ്റ് സ്കൂളിന് കീഴിലുള്ള ലാപ്‍ടോപ്പും പ്രൊജക്ടറും ടിവികളും ഉപയോഗിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ആരാണ് ഇത് കൈകാര്യം ചെയ്യുക എന്നത് സംബന്ധിച്ച പ്രായോഗിക നിര്‍ദേശം അടങ്ങിയ സര്‍ക്കലര്‍ പുറപ്പെടുവിച്ചിരുന്നില്ല. ഇന്നലെ വൈകുന്നേരമാണ് കൈറ്റ് സര്‍ക്കുലര്‍ ഇറക്കിയത്. ടിവിയോ മറ്റു ഓണ്‍ലൈന്‍ സംവിധാനങ്ങളോ ഇല്ലാത്തവരുടെ കണക്ക് പ്രാഥിക അധ്യാപകര്‍ എടുത്ത് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംവിധാനമൊരുക്കാനാണ് നിര്‍ദേശിക്കുന്നത്. നാലുപേര്‍ വരെ ഉള്ളിടത്ത് ലാപ്‍ടോപ്പും വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് ടിവി യോ പ്രൊജക്ടറോ ഉപയോഗിക്കാമെന്നും പറഞ്ഞിട്ടുണ്ട്. ആദ്യ ആഴ്ച ട്രയല്‍ റണ്‍ ആയതിനാല്‍ അതിനകം സംവിധാനുമുണ്ടാക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പ് കരുതിയിരുന്നത്.

ഓണ്‍ലൈന്‍ സംവിധാനത്തിനല്‍ ഉള്‍പ്പെടാന്‍ കഴിയാത്ത ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം നടന്ന പശ്ചാത്തലത്തിലാണ് നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. വിദ്യാര്‍ഥി മരണപ്പെട്ട സംഭവത്തില്‍ മലപ്പുറം ഡി ഡി ഇയുടെ റിപ്പോര്‍ട്ടില്‍ ഇത്തരം നടപടി സംബന്ധിച്ച എന്തെങ്കിലും നിര്‍ദേശങ്ങളുണ്ടെങ്കില്‍ അതും വിദ്യാഭ്യാസവകുപ്പ് പരിഗണിക്കും

guest
0 Comments
Inline Feedbacks
View all comments