മലപ്പുറം ഇരിമ്പിളിയം തിരുനിലം കുളത്തിങ്ങല്‍ ബാലകൃഷ്ണന്‍ -ഷീബ ദമ്പതികളുടെ മകള്‍ ദേവിക കേരളത്തിന്റെ കണ്ണീരായി മുന്നിൽ നിൽക്കുകയാണ്.വേണ്ടത്ര മുന്നൊരുക്കമില്ലാതെ ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് കുട്ടികളെ തിടുക്കത്തിൽ തള്ളിവിട്ട സംസ്ഥാന സർക്കാർ തന്നെയാണ് ആ കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി. മുഖ്യമന്ത്രി പിണറായി വിജയൻ ദേവികയുടെ കുടുംബത്തോട് ക്ഷമ ചോദിക്കണം. വിദ്യാഭ്യാസ മന്ത്രിയും മാപ്പു പറയണം. കാരണം, സർക്കാരിൻ്റെ തെറ്റായ തീരുമാനത്തിൻ്റെ ഇരയാണ് ദേവികയെന്ന പെൺകുട്ടി.

ADVERTISEMENT

ടിവിയും സ്മാർട്ട് ഫോണും ഇല്ലാത്ത 2.6 ലക്ഷം കുട്ടികളുടെ പട്ടികയിൽ ദേവികയും ഉൾപ്പെട്ടിരുന്നു. ക്ലാസ് തുടങ്ങും മുമ്പ് വേണ്ട സൗകര്യമൊരുങ്ങിയിരുന്നെങ്കിൽ പഠിക്കാൻ ഇഷ്ടപ്പെട്ട ആ കുഞ്ഞിന്ന് ജീവനോടെയുണ്ടായിരുന്നേനെ!പഠന സൗകര്യമില്ലാത്തതിന്റെ പേരിൽ ഒരു കുട്ടിയുടെ ജീവൻ ബലി കൊടുക്കേണ്ടി വന്നിട്ടും സർക്കാർ പറയുന്നു ഇപ്പോൾ നടത്തുന്നത് ട്രയൽ റണ്ണാണെന്ന്! എല്ലാം ഉടനെ ശരിയാക്കുമെന്ന് !! കൊവിഡ് കാലത്തെ നമ്പർ വൺ മേനിനടിക്കലിന്റെ ഭാഗമായാണോ സർക്കാർ ജൂൺ ഒന്നിനു തന്നെ ഓൺലൈൻ പാഠം തുറന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ തെറ്റുപറയാനാകില്ല.
പൊതുവിദ്യാലയങ്ങളിലെ 2.6 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സൗകര്യമില്ലെന്ന കണക്ക് കയ്യിലുണ്ടായിട്ടും സർക്കാർ എന്തുകൊണ്ട് ബദൽ സൗകര്യം ഉറപ്പാക്കാതെ അധ്യയനം തുടങ്ങിയെന്ന ചോദ്യം ഇപ്പോഴും ബാക്കിയാവുകയാണ്. വിദ്യാഭ്യാസ മന്ത്രി ഒരു അധ്യാപകനായിട്ടും ദേവികയെപ്പോലെയുള്ള പാവപ്പെട്ട കുട്ടികളെ കുറിച്ച് ഒരു നിമിഷം പോലും ഓര്‍ത്തില്ലേ?

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് ഒരു ഡിജിറ്റൽ വിടവായി കൂടി അടയാളപ്പെടുത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. സ്കൂളുകളിൽ ഇരിക്കുന്ന ലാപ്ടോപുകളും പ്രൊജക്ടറുകളും ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്തവർക്കിടയിലെത്തിക്കാൻ ഒരു ആലോചനയും നടന്നില്ലേ? അധ്യാപകർക്ക് എന്ത് പരിശീലനമാണ് ഓൺലൈനാകാൻ നൽകിയത്? സംപ്രേഷണം മാത്രമൊരുക്കിയാൽ വിദ്യാഭ്യാസം ഓൺലൈനാകില്ല, അതിന് ആദ്യം വേണ്ടത് ഓഫ് ലൈനിലുള്ളവരെ കണ്ടെത്തി ഓൺലൈനാകാൻ സജ്ജരാക്കുകയാണ്. ഇനിയൊരു ദേവികയെ കണ്ടു കണ്ണീരണിയാൻ ഇടവരുത്തരുത്… നമ്മുടെ കുഞ്ഞുങ്ങൾ ഒരേ സൗകര്യങ്ങളോടെ ഒരു പോലെ പഠിക്കട്ടെ!!

COMMENT ON NEWS

Please enter your comment!
Please enter your name here