ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാഴാഴ്ച മുതൽ നിബന്ധനങ്ങളോടെ വിവാഹങ്ങൾ നടത്താൻ തീരുമാനമായി. ഇത് സംബന്ധിച്ച് ഗുരുവായൂർ ദേവസ്വം നൽകിയ മാർഗരേഖക്ക് ജില്ലാഭരണ കൂടം അനുമതി നൽകുകയായിരുന്നു. മുൻകൂട്ടി ബുക്ക് ചെയ്യുന്ന 60 വിവാഹങ്ങൾ ഒരു ദിവസം നടത്താം. പുലർച്ചെ 5 മുതൽ ഉച്ചക്ക് 12 വരെ 10 മിനിറ്റ് വീതം സമയം നൽകിയാണ് വിവാഹത്തിന് അനുമതി നൽകിയിട്ടുള്ളത്.

ADVERTISEMENT

വിവാഹത്തിൽ പങ്കെടുക്കുന്നവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും അതാത് മെഡിക്കൽ ഓഫീസറിൽ നിന്നും ലഭിച്ച നോൺ ക്വാറന്റൈൻ  നോൺ ഹിസ്റ്ററി സർട്ടിഫിക്കറ്റുകൾ വിവാഹം ബുക്ക് ചെയ്യുന്ന സമയം ഹാജരാക്കേണ്ടതാണ്. വിവാഹം നടത്തുന്നതിനുള്ള അഡ്വാൻസ് ബുക്കിങ് 3-6-2020ന്  രാവിലെ 10ന്  ആരംഭിക്കും. വധു വരന്മാർ കൂടെ കൊണ്ടുവരുന്ന ഫോട്ടോ ഗ്രാഫർമാരെ അനുവദിക്കുന്നതല്ല. ദേവസ്വം ഔദ്യോഗിക ഫോട്ടോഗ്രാഫർമാർ ഫോട്ടോ പകർത്തി നൽകും. വിവാഹം ശീട്ടാക്കുന്നതിന് വൈജയന്തി കെട്ടിത്തിൽ താത്കാലിക കൗണ്ടർ രാവിലെ 10 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കും. വരനും വധുവും അടക്കം 10 പേർക്കാണ് മണ്ഡപത്തിനടുത്തേക്ക് പ്രവേശനമുണ്ടാകുക.  ദർശനവും താലിപൂജയും അനുവദിക്കില്ല. മൂന്ന് മണ്ഡപങ്ങളിലും താലികെട്ട് നടത്താനാകും. ഒരേ സമയം രണ്ട് മണ്ഡപങ്ങളിൽ മാത്രമാണ് കെട്ട് നടക്കുക. ഓരോ വിവാഹവും കഴിയുന്ന മുറക്ക് മണ്ഡപങ്ങൾ അണുവിമുക്തമാക്കും. സർക്കാർ  ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡവുൺ  പിൻവലിയക്കുന്നതുവരെ ഞായറാഴ്ചകളിൽ വിവാഹം നടത്താൻ ബുക്കിങ്ങ് സ്വീകരിയക്കുന്നതല്ല.

വിവാഹ പാർട്ടികൾ കിഴക്കേനടപ്പുരയിലൂടെ പ്രവേശിച്ച് കെട്ട് കഴിഞ്ഞതിന് ശേഷം ദീപസ്തഭത്തിന് മുന്നിൽ തൊഴുത് തെക്കെനടപ്പുര വഴി പുറത്ത് പോകണം. മണ്ഡപത്തിനടുത്തെ തിരക്ക് ഒഴിവാക്കുന്നതിനായി വിവാഹ പാർട്ടിക്കാർക്ക് വിശ്രമിക്കുന്നതിന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സൗകര്യം ഒരുക്കും. നാഗസ്വരം, കോയ്മ എന്നിവയോട് കൂടെ സാധാരണ രീതിയിലായിരിക്കും വിവാഹ ചടങ്ങുകൾ. തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് വിവാഹ പാർട്ടിക്കാരെ നടപ്പുരയിലേക്ക് പ്രവേശിപ്പിക്കുക.

വിവാഹങ്ങളിൽ പങ്കെടുക്കുന്ന എല്ലാവരും കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബിമോഹൻദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തുടർന്ന് വൈകീട്ട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനുമുണ്ടായത്. കെ.വി. അബ്ദുൾ ഖാദർ എംഎൽഎ, ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ കെ ബി മോഹൻദാസ്‌ , ജില്ലാ കളക്ടർ എസ്.ഷാനവാസ്, സിറ്റി പോലീസ് മേധാവി ആർ ആദിത്യ, ദേവസ്വം അഡ്മിനിസ്ട്രെറ്റര്‍ എസ് വി ശിശിര്‍ ,ഗുരുവായൂര്‍ എ സി പി തുടങ്ങിയവർ പങ്കെടുത്തു.

COMMENT ON NEWS

Please enter your comment!
Please enter your name here