വെർച്വൽ പ്രവേശനോത്സവം ; സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ വഴി ക്ലാസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ വഴി ക്ലാസുകൾ ആരംഭിക്കും. വിക്ടേഴ്സ് ചാനൽ വഴിയാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നടക്കുക. ലാപ്ടോപ്പോ ഡെസ്ക്ടോപ്പോ വഴിയാണ് സ്വകാര്യ സ്കുളുകൾ വിദ്യാർത്ഥികളോട് സംവദിക്കാൻ ക്രമീകരണമേർപ്പെടുത്തിയിരിക്കുന്നത്.ഫസ്റ്റ് ബെൽ എന്ന പേരിൽ വിക്ടേഴ്സ് ചാനൽ വഴിയും യൂട്യൂബ് വഴിയും ഓൺലൈനായാണ് ക്ലാസുകൾ ആരംഭിക്കുന്നത്. രക്ഷിതാക്കൾ വിദ്യാർത്ഥികളെ ടിവിക്ക് മുന്നിലെത്തിക്കണം. രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയാണ് ക്ലാസുകൾ. ഓരോ ക്ലാസിനും നിശ്ചിത സമയം ക്രമീകരിച്ചിട്ടുണ്ട്. സ്വകാര്യ സ്കൂളുകളിൽ ഉയർന്ന ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അധ്യാപകരുമായി തത്സമയം സംവദിക്കാകും വിധമാണ് സൌകര്യമൊരുക്കുക.
ലാപ്പ്ടോപ്പോ, ഡെസ്ക്ടോപ്പോ ഉപയോഗിച്ച് വെബ്കാം വഴി സംവദിക്കാനും സംശയനിവാരണം നടത്താനും സജ്ജീകരണങ്ങളുണ്ടാകും. ടാബോ സ്മാർട്ട്ഫോണോ ഉപയോഗിച്ച് വാട്സ്ആപ്പ് വഴിയാകും സ്വകാര്യസ്കൂളുകളിലെ ചെറിയ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പഠനസൌകര്യമൊരുക്കുക. റെക്കോർഡ് ചെയ്ത വീഡിയോയും ഓഡിയോയും വിദ്യാർത്ഥികൾക്ക് അയച്ചു കൊടുക്കും.
ഓൺലൈൻ പഠനത്തിന് തുടക്കം കുറിക്കുമ്പോൾ, വിക്ടേഴ്സ് ചാനൽ ലഭ്യമല്ലാത്ത ഡിറ്റിഎച്ച് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവരും ടിവിയോ കമ്പ്യൂട്ടറോ തുടങ്ങിയ സൗകര്യമില്ലാത്തവരുമായ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. ഇത്തരത്തിൽ രണ്ടുലക്ഷത്തിലധികം വിദ്യാർത്ഥികളുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിൻറെ വിലയിരുത്തൽ. ഇവർക്ക് ക്ലാസുകൾ നഷ്ടമാകാതിരിക്കാൻ പ്രാദേശികാടിസ്ഥാനത്തിൽ ബദൽ സംവിധാനങ്ങളൊരുക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ലോക്ക് ഡൗൺ നിയന്ത്രണങ്ങളൊഴിവാകുന്നത് വരെ താത്കാലിക സംവിധാനമെന്ന നിലയിലാണ് ഓൺലൈൻ പഠനം ആരംഭിക്കുന്നത്.