ഗുരുവായൂര്‍ ക്ഷേത്രത്തിലും ഹാളുകളിലും 50 പേരെ മാത്രം പങ്കെടുപ്പിച്ച് വിവാഹ ചടങ്ങുകള്‍ക്ക് അനുമതി; സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇങ്ങനെ

തിരുവനന്തപുരം: രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ നിന്ന് ഘട്ടംഘട്ടമായി പുറത്തുകടക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ ചില കാര്യങ്ങളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരാനോ, കര്‍ക്കശമാക്കാനോ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും രോഗ വ്യാപനത്തിന്റെ സ്ഥിതി വിലയിരുത്തിയാണ് ഇത്തരത്തില്‍ മാറ്റം വരുത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അന്‍പത് പേര്‍ എന്ന പരിധിവച്ച് വിവാഹ ചടങ്ങുകള്‍ അനുവദിക്കും. കല്ല്യാണ മണ്ഡപങ്ങളിലും മറ്റ് ഹാളുകളിലും 50 പേര്‍ എന്ന നിലയില്‍ വിവാഹ ചടങ്ങുകള്‍ക്ക് മാത്രം അനുമതി നല്‍കും.

ലോക്ക്ഡൗണിലെ മറ്റ് ഇളവുകള്‍ ഇങ്ങനെ.

1. വിദ്യാലയങ്ങള്‍ സാധാരണപോലെ തുറക്കുന്നത് ജൂലൈയിലോ അതിനു ശേഷമോ മതിയെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇക്കാര്യം കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യും.

2. കണ്ടെയ്ന്‍മെന്റ് സോണില്‍ പൂര്‍ണ ലോക്ക്ഡൗണായിരിക്കും. ജൂണ്‍ 30 വരെ അത് തുടരും.

3. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നതിന് സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും പാസ് എടുക്കുകയും ചെയ്യണം.

4. അന്തര്‍ ജില്ലാ ബസ് സര്‍വീസ് പരിമിതമായ തോതില്‍ അനുവദിക്കും.

5. എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാം. മാസ്‌ക് ധരിക്കണം. സാനിറ്റൈസര്‍ ഉണ്ടാകണം.

6. കാറില്‍ ഡ്രൈവര്‍ക്ക് പുറമേ മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാം

7. ഓട്ടോയില്‍ രണ്ട് യാത്രക്കാരെ അനുവദിക്കാം.

8. സിനിമാ ഷൂട്ടിംഗ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സ്റ്റുഡിയോയ്ക്കകത്തും ഇന്‍ഡോര്‍ ലോക്കേഷനുമാകാം. എന്നാല്‍ 50 പേരില്‍ അധികം പാടില്ല.

9. ചാനലുകളുടെ ഇന്‍ഡോര്‍ ഷൂട്ടിംഗില്‍ പരമാവധി ആളുകളുടെ എണ്ണം 25.

10. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്തി ജില്ലകളില്‍ ജോലിക്ക് വന്ന് തിരിച്ചുപോകുന്നവര്‍ക്ക് പ്രത്യേക പാസ്.

11. പൊതുമരാമത്ത് ജോലികള്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 10 ദിവസത്തേക്കുള്ള പാസ് നല്‍കും.

കേന്ദ്ര മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ചു. ഇതില്‍ ചില കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കും. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂട്ടം കൂടുന്നത് തുടര്‍ന്നും അനുവദിക്കാനാകില്ല. രോഗ്യ വ്യാപനം തടയാന്‍ അത് ആവശ്യമാണ്. കേരളത്തില്‍ സംഘം ചേരുന്നവരില്‍ സാംസ്‌കാരിക പ്രസ്ഥാനത്തിലും യുവജന സംഘടന ഒഴികെയുള്ള രാഷ്ട്രീയ സംഘടനകളിലും കൂടുതല്‍ പ്രായാധിക്യമുള്ളവരാണ്. സംഘം ചേരല്‍ അനുവദിച്ചാല്‍ റിവേഴ്‌സ് ക്വാറന്റീന്‍ പരാജയപ്പെടും. പ്രായമായവര്‍ വീടുകളില്‍ നിന്ന് പുറത്തുവന്നാല്‍ അപകട സാധ്യത കൂടുതലാണ്. ആള്‍ക്കൂട്ട സാധ്യതയുള്ള ഒരു സംഘം ചേരലുകളും നിലവിലുള്ള സാഹചര്യത്തില്‍ അനുവദിക്കില്ല. എട്ടാം തിയതിക്ക് ശേഷം അനുവദിക്കേണ്ട ഇളവുകളുടെ കാര്യത്തില്‍ സംസ്ഥാനത്തിന്റെ അഭിപ്രായം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

guest
0 Comments
Inline Feedbacks
View all comments