മലയാളിക്ക് ആമിയെ നഷ്ടമായിട്ട് ഇന്നേയ്ക്ക് 11 വർഷം…

പുന്നയൂർക്കുളം: മലയാളത്തിൻ്റെ പ്രിയപ്പെട്ട കഥാകാരി കമലാ സുരയ്യ ഓർമ്മയായിട്ട് ഇന്നേക്ക് 11 വർഷം.ആമിയോപ്പൂവിന്‍റെ ഓര്‍മ്മകളിലാണ് ഇന്നും തൃശൂരിലെ പുന്നയൂര്‍ക്കുളം എന്ന ഗ്രാമം. തുറന്നെഴുത്തു കൊണ്ട് ചർച്ച ചെയ്യപ്പെടുകയും പെണ്ണെഴുത്തുകളുടെ മനോഹാരിത അനുവാചകരിലേക്ക് പകരുകയും ചെയ്ത നാലപ്പാട്ടെ പ്രിയപ്പെട്ട ആമി  കഥകളുടെ നറുമണം മാത്രമാക്കിയാണ് യാത്രയായത്. മാറ്റത്തിന്‍റെ വഴികളില്‍ സ്വയം പ്രതിഷ്ഠിച്ച ജീവിതമായിരുന്നു അവരുടേത്.

കവയിത്രി ബാലാമണിയമ്മയുടേയും മാതൃഭൂമി മുന്‍ മാനേജിങ്‌ എഡിറ്റര്‍ വി എം നായരുടേയും മകളായി 1932 മാര്‍ച്ച്‌ 31 നായിരുന്നു കമലാസുരയ്യയുടെ ജനനം. ചെറുകഥകളായിരുന്നു കമലയുടെ ഇഷ്‌ടമേഖല. ഇടയ്ക്ക് നോവലുകളില്‍ കൈവെച്ചെങ്കിലും തനിക്ക് പറ്റുന്നിടം ചെറുകഥയുടെ വലിയ ലോകമാണെന്ന് അവര്‍ മനസ്സിലാക്കി. ജീവിതഗന്ധിയുള്ള രചനകള്‍ അവരുടെ തൂലികയില്‍ നിന്നു വിടര്‍ന്നപ്പോഴൊക്കെ കപട സദാചാരത്തിന്‍റെ മലയാളിക്കണ്ണ് അവിടെയെല്ലാം എത്തിനോക്കി. പറയാനുള്ളത് ആരെയും ഭയക്കാതെ, പുരുഷനേക്കാള്‍ ധൈര്യത്തോടെ കമല പറഞ്ഞു. പലരും പറയാന്‍ കൊതിച്ചതും, എന്നാല്‍ പറയാന്‍ ഭയന്നതുമായ കാര്യങ്ങള്‍ തന്‍റെ രചനകളില്‍ സുന്ദരമായ ചിത്രം പോലെ കോറിയിട്ടപ്പോള്‍ ഉണ്ടായ വിവാദങ്ങള്‍ ചെറുതല്ലായിരുന്നു. മലയാളി ‘എന്‍റെ കഥ’ ആവര്‍ത്തിച്ചു വായിച്ചതും, ഇപ്പോഴും വിമര്‍ശനങ്ങളുയര്‍ത്തുന്നതും പറയാനുള്ളത് പച്ചയായി പറഞ്ഞ അവരുടെ ധൈര്യത്തോടുള്ള അസൂയ കൊണ്ടു തന്നേയായിരുന്നു. 2009 മെയ് 31 ന് എഴുപത്തിയഞ്ചാം വയസ്സില്‍ പൂനെയിലെ ജഹാംഗീര്‍ ആശുപത്രിയില്‍ വച്ചാണ് അവര്‍ ലോകത്തോട് വിട ചൊല്ലിയത്. കേരളം വിട്ട് ജീവിക്കുമ്പോഴും പുന്നയൂര്‍ക്കുളത്തെ കുളത്തിലും നീര്‍മാതള ചുവട്ടിലും സ്വപ്നത്തിന്‍റെ ചിറകില്‍ വന്നെത്തിയിരുന്ന കഥാകാരി ഇന്ന് മലയാള സാഹിത്യലോകത്തിന് നോവിക്കുന്ന ഓര്‍മ്മ മാത്രമാണ്.

മാധവിക്കുട്ടിയുടെ ഓര്‍മ്മകളിലേക്ക് ഇന്നും നിരവധി പേരാണ് യാത്ര ചെയ്തെത്തുന്നത്.അവരെ സ്വീകരിക്കാൻ കഥാകാരിയുടെ കുറച്ചു ചിത്രങ്ങളല്ലാതെ ഈ സ്മാരകത്തില്‍ മറ്റൊന്നുമില്ല. എന്നാല്‍, പുന്നയൂര്‍ക്കുളം പഞ്ചായത്തുമായി ആലോചിച്ച് കൂടുതല്‍ നവീകരണങ്ങള്‍ വരുത്തുമെന്ന് അക്കാദമി അധികൃതര്‍ അറിയിച്ചു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here