പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടത് സർ‌ക്കാര്‍ കേരളത്തിൽ അധികാരമേൽ‌ക്കുമ്പോൾ ആദ്യനാളുകളില്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഗുഡ്ബുക്കിലായിരുന്നു വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസ്‌. എന്നാൽ പിന്നീട് സര്‍വീസിനിടയില്‍ സര്‍ക്കാരിന്റെ നിയമ നടപടികള്‍ ഏറ്റവും കൂടുതല്‍ നേരിടേണ്ടി വന്ന ഐ പി എസ് ഉദ്യോഗസ്ഥനായി മാറി അദ്ദേഹം.
സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകം പുറത്തിറക്കിയത് വിവാദം കടുപ്പിച്ചു‌. സർവീസ് ചട്ടങ്ങൾ പാലിച്ചില്ലെന്ന് കാട്ടിയായിരുന്നു നടപടി. പിന്നീട് നിയമ പോരാട്ടം. അവസാനം സസ്പെൻഷൻ പിൻവലിച്ച്. പൊതുമേഖലാ സ്ഥാപനമായ ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായി.

വിവാദങ്ങൾ നിറഞ്ഞ സിവിൽ സര്‍വീസ് ജീവിതത്തിൽ നിന്ന് ഇന്ന് ജേക്കബ് തോമസ് പടിയിറങ്ങുമ്പോൾ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രം ശ്രദ്ധേയമാവുകയാണ്. അവസാനദിവസം ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസിലെ ഓഫീസ് മുറിയില്‍ ഉറങ്ങി എഴുന്നേറ്റിരിക്കുകയാണ് സംസ്ഥാനത്തെ മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥൻ.
‘സിവില്‍ സര്‍വീസ് അവസാന ദിനത്തിന്റെ തുടക്കവും ഉറക്കവും ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ഓഫീസില്‍’ എന്ന കുറിപ്പോടെയാണ് ചെറിയ ഓഫീസ് മുറിയുടേയും നിലത്ത് വിരിച്ച ഷീറ്റിന്റെയും ചിത്രം പങ്കുവച്ചിരിക്കുന്നത്. സര്‍വീസ് ജീവിത്തിലെ അവസാന ദിവസത്തിന്റെ തുടക്കവും ഉറക്കവും ഓഫീസ് മുറിക്കുള്ളിലാക്കുകയും അത് നവ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്ത ജേക്കബ് തോമസ് നിശബ്ദ പ്രതിഷേധം കൂടിയാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്നാണ് വിലയിരുത്തൽ.

1985 ബാച്ചുകാരനാണ് ഐ പി എസ് ഓഫീസര്‍ ജേക്കബ് തോമസ്. ഇടത് സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇ പി ജയരാജനെതിരായ കേസിനെ തുടര്‍ന്ന് സര്‍ക്കാരുമായി ഇടയുകയായിരുന്നു. വിജിലന്‍സ് ഡയറക്ടറായിരിക്കെ 2017 ല്‍ സസ്‌പെന്‍ഷനിലാവുകയുമായിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ രണ്ട് മാസത്തിന് മുന്‍പ് ജേക്കബ് തോമസിനെതിരേ കേസടുത്തിരുന്നു. ഈ കേസ് അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞ ദിവസം ഹര്‍ജി തള്ളിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here