ഡിജിപി ആര്‍ ശ്രീലേഖ അഗ്നിശമന സേനാ മേധാവിയായി ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വനിത ഡി.ജി.പിയായ ആര്‍ ശ്രീലേഖ അഗ്നിശമന സേനാ മേധാവിയായി ചുമതലയേറ്റു. ഡിജിപി എ ഹേമചന്ദ്രന്‍ വിരമിച്ച ഒഴിവിലാണ് ശ്രീലേഖ എത്തിയത്. തിരുവനന്തപുരത്തെ ഫയർഫോഴ്‌സ് ആസ്ഥാനത്തെത്തിയാണ് ചുമതല ഏറ്റെടുത്തത്.

1987 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥയായ ആര്‍ ശ്രീലേഖ ട്രാൻസ്‌പോർട്ട് കമ്മീഷണറായിരിക്കെയാണ് ഡി.ജി.പി റാങ്കിലേക്ക് ഉയർത്തിയത്. ഉച്ചക്ക് പന്ത്രണ്ടേകാലോടെ തിരുവനന്തപുരം ചെങ്കൽച്ചൂളയിലെ അഗ്നിശമന സേന ആസ്ഥാനത്തെത്തിയ ശ്രീലേഖയെ ജീവനക്കാര്‍ സ്വീകരിച്ചു. തുടർന്ന് അഗ്നിശമന സേന മേധാവിയുടെ മുറിയിലെത്തിയ ശ്രീലേഖയ്ക്ക് എ ഹേമചന്ദ്രന്‍ ചുമതലകള്‍ കൈമാറി. പുതിയ സ്ഥാനത്തെത്തിയപ്പോഴും പഴയ ശീലം തുടർന്നു. എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ അവർ തയ്യാറായില്ല.

ക്രൈംബ്രാഞ്ച് ഐജി, വിജിലന്‍സ് ഡയറക്ടര്‍, ഇന്‍റലിജന്‍സ് എഡിജിപി എന്നീ നിലകളില്‍ ആര്‍ ശ്രീലേഖ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ അടക്കം നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവിയായും പ്രവർത്തിച്ചു. മൂന്നരപ്പതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തിൽ നിന്നാണ് എ ഹേമചന്ദ്രൻ വിരമിച്ചത്. വിശിഷ്ട സേവനത്തിനു രാഷ്ട്രപതിയുടെ മെഡലടക്കം എ ഹേമചന്ദ്രൻ നേടിയിട്ടുണ്ട്. സോളാർ കേസടക്കം നിരവധി വിവാദമായ കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥനായി. മഹാപ്രളയത്തില്‍ രക്ഷകരായും കോവിഡില്‍ അമ്പതിനായിരത്തിലേറെ പേര്‍ക്ക് മരുന്നെത്തിച്ചും രക്ഷാപ്രവര്‍ത്തനങ്ങൾക്കു ചുക്കാൻ പിടിച്ചാണ് എ ഹേമചന്ദ്രൻ ഫയർഫോഴ്‌സിന്റെ പടിയിറങ്ങുന്നത്.

guest
0 Comments
Inline Feedbacks
View all comments