പാലക്കാട് : വിദേശത്തു നിന്നെത്തി വീട്ടിൽ നിരീക്ഷണ കാലയളവു പൂർത്തിയാക്കിയ ഗർഭിണി നഗരസഭാ ഓഫിസിൽ നിന്ന് ക്വാറന്റീൻ സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങുമ്പോൾ കോവിഡ് പോസിറ്റീവ് ആണെന്ന് അറിയിപ്പ്. ഇതോടെ, നഗരസഭയിലെ 4 ജീവനക്കാരെ ക്വാറന്റീനിലാക്കി. ഇവർ താമസിക്കുന്ന പുത്തൂർ നോർത്ത് വാർഡ് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി.

ഒന്നേകാൽ വയസ്സുള്ള കുഞ്ഞുള്ള യുവതി 13നാണ് കുവൈത്തിൽ നിന്നെത്തിയത്. ഗർഭിണിയായതിനാ‍ൽ വീടിനു മുകളിലായിരുന്നു ക്വാറന്റീൻ. 25ന് സാംപിൾ പരിശോധനയ്ക്ക് നൽകി. ആരോഗ്യവകുപ്പിനെ ബന്ധപ്പെട്ടെങ്കിലും ഫലം വന്നില്ലെന്നാണ് അറിയിപ്പു ലഭിച്ചത്. രോഗമുള്ളതായി അറിയിപ്പു ലഭിക്കാത്തതിനാൽ ക്വാറന്റീൻ കാലാവധി പൂർത്തിയായ ശേഷം ഇവരുടെ പിതാവ് സർട്ടിഫിക്കറ്റിനായി നഗരസഭയെ സമീപിച്ചു.

മകളുമായെത്തണമെന്ന് ഓഫിസിൽ നിന്നു നിർദേശിച്ചതോടെ അവരെയും കൂട്ടി വെള്ളിയാഴ്ച വീണ്ടും നഗരസഭയിലെത്തി മടങ്ങുമ്പോഴാണ് പോസിറ്റീവ് ആണെന്നും ജില്ലാ ആശുപത്രിയിൽ എത്തണമെന്നും ഫോൺ സന്ദേശം ലഭിച്ചത്. ഇപ്പോൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കൃത്യസമയത്തു ഫലം അറിയാത്തതിനാലാണ് 14 ദിവസത്തിനു ശേഷം സർട്ടിഫിക്കറ്റിനായി നഗരസഭാ ഓഫിസിൽ പോയതെന്നു യുവതി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here