രാജ്യത്ത് കണ്ടൈന്‍മെന്റ് സോണുകളില്‍ ജൂണ്‍ 30വരെ ലോക്ഡൗണ്‍ നീട്ടി. അതേസമയം ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കും. ഒന്നാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജൂണ്‍ എട്ട് മുതല്‍ ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍, മാളുകള്‍ എന്നിവ തുറക്കും. അന്തർസംസ്ഥാന യാത്രകള്‍ക്കും അനുമതി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണില്‍ തുറക്കില്ല. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍, മെട്രോ, സിനിമാ തിയറ്ററുകള്‍ തുടങ്ങിയവയും ഉടനുണ്ടാകില്ല.

കണ്ടെയ്ന്‍മെന്റ് പ്രദേശത്തിന് പുറത്തുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഘട്ടം ഘട്ടമായി തുറന്നുപ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്രം പുറപ്പെടുവിച്ചു. ആദ്യഘട്ടത്തില്‍ ജൂണ്‍ എട്ടു മുതല്‍ പൊതുജനങ്ങള്‍ക്കായി ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, സേവനവുമായി ബന്ധപ്പെട്ട മറ്റു സര്‍വീസുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കും.

രണ്ടാം ഘട്ടത്തിലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുക. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനം. അതേസമയം രാത്രിയാത്രാ നിരോധനം തുടരും. സമയത്തില്‍ മാറ്റമുണ്ട്. രാത്രി 9 മുതൽ രാവിലെ 5 മണിവരെയാണ് പുതിയ യാത്രാ നിരോധനം. രാജ്യാന്തര യാത്ര സർവീസുകൾ അനുവദിക്കുന്നതു മൂന്നാം ഘട്ടത്തിലായിരിക്കും. മെട്രോ റെയിൽ പ്രവർത്തനം, സിനിമാ തിയേറ്റർ, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, വിനോദ പാർക്കുകൾ എന്നിവയുടെ പ്രവർത്തനം തുടങ്ങുന്ന കാര്യവും സാഹചര്യങ്ങൾ പരിശോധിച്ച് മൂന്നാംഘട്ടത്തിൽ തീരുമാനിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here