ലോക്ക്ഡൗൺ അഞ്ചാം ഘട്ടത്തിൽ; നടപ്പിലാകുന്ന ഇളവുകൾ

ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി. കണ്ടെയ്ൻമെന്റ് സോണിൽ മാത്രം ലോക്ക്ഡൗൺ് നീട്ടിക്കൊണ്ട് മറ്റിടങ്ങളിൽ ‘അൺലോക്ക് ഫെയ്സ്’ ആരംഭിക്കാനാണ് അഞ്ചാംഘട്ടം കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ ലോക്ക്ഡൗൺ അഞ്ചാംഘട്ടത്തിലേക്ക് കടക്കുമ്പോൾ കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ കൂടുതൽ ഇളവുകൾ നടപ്പിലാകും. പല ഘട്ടങ്ങളിലായാകും നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുക.
ആദ്യ ഘട്ടം (ഫെയ്സ് 1)
ജൂൺ 8 മുതൽ ആരാധനാലയങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവ തുറക്കും. റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടാകും. ഇവയുടെ പ്രവർത്തനത്തിനായി ആരോഗ്യ വിഭാഗം മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കും.

രണ്ടാം ഘട്ടം (ഫെയ്സ് 2)
സ്കൂളുകൾ, കോളജുകൾ, കോച്ചിംഗ് സെന്ററുകൾ, എന്നിവ സംസ്ഥാന സർക്കാരുകളുമായി ആലോചിച്ച ശേഷം തുറന്ന് പ്രവർത്തിക്കും. അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുമായി ചേർന്ന് കൂടിയാലോചനകൾ നടത്തിയ ശേഷം അഭിപ്രായം ശേഖരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജൂലൈയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണോ വേണ്ടെയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും.
ഈ ഘട്ടത്തിൽ, അന്താരാഷ്ട്ര വിമാന സർവീസ്, മെട്രോ സർവീസ്, സിനിമാ തിയറ്റർ, ജിമ്മുകൾ, സ്വിമ്മിംഗ് പൂൾ, പാർക്ക്, തിയറ്റർ, ബാറുകൾ, ഓഡിറ്റോറിയം, ആളുകൾ കൂടുന്ന ഹോൾ പോലുള്ള പ്രദേശങ്ങൾ, മതപരമായും, കാഷ്ട്രിയ-സാമ്പത്തിക-സാമൂഹിക-സാംസ്കാരിക ഒത്തുചേരലുകൾ, എന്നിവയ്ക്ക് നിരോധനമുണ്ടാകും.
യാത്രകളിൽ ഇളവ്
അന്തർ സംസ്ഥാന യാത്രകൾക്കും, സംസ്ഥാനത്തിന് അകത്തുള്ള യാത്രകൾക്കുമുള്ള നിരോധനം മാറ്റിയിട്ടുണ്ട്. പ്രത്യേക അനുമതി, ഇ-പെർമിറ്റ് എന്നിവയൊന്നും യാത്രയ്ക്കായി വേണ്ടി വരില്ല.

എന്നാൽ സംസ്ഥാന സർക്കാരുകൾക്ക് യാത്രകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താം.
രാത്രികാല യാത്ര നിരോധനത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രാത്രി 9 മുതൽ വെളുപ്പിന് 5 വരെ രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
മറ്റ് നിർദേശങ്ങൾ :
*65 വയസിന് മുകളിൽ ഉള്ളവർ, ഗർഭിണികൾ, പത്ത് വയസിൽ താഴെയുള്ള കുട്ടികൾ എന്നിവർ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളു.
*ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ കരുതുന്നത് നല്ലതാണ്.