ദുരിത കാലത്തെ മറികടന്ന് മീനുവിന് സ്വപ്ന ഭവനം…

ഗുരുവായൂര്‍ : ലോക്ക് ഡൗണ്‍ കാലത്ത് ലോകം മുഴുവന്‍ ദുരിതമനുഭവിക്കുമ്പോള്‍ ഇവിടെ കാലങ്ങളായുള്ള ദുരിതത്തില്‍ നിന്ന് കരകയറുകയാണ് മീനുവിന്റെ കുടുംബം. ഗുരുവായൂര്‍ നഗരസഭ 26-ാം വാര്‍ഡില്‍ ഇരിങ്ങപ്പുറം മൈത്രി ജംഗ്ഷനില്‍ പുന്നത്തൂര്‍ വീട്ടില്‍ വയോധികയായ മീനുവും കുടുംബവും നിലവില്‍ കഴിയുന്നത് ഓലയും പ്ലാസ്റ്റിക് ഷീറ്റുകളും കൊണ്ട് മേഞ്ഞ ഒരു ഷെഡ്ഡിലാണ്. മീനുവിന്റെ സങ്കടം കണ്ടറിഞ്ഞ സിപിഐ ഇരിങ്ങപ്പുറം വെസ്റ്റ് ബ്രാഞ്ച് പ്രവര്‍ത്തകര്‍ ഇവരുടെ വീടിന്റെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചുറ്റുമതിലടക്കം മുഴുവന്‍ പണികളും തീര്‍ത്താണ് ഭവനം കൈമാറുന്നത്.

ജൂണ്‍ 1 തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി
അഡ്വ: വി എസ് സുനില്‍കുമാര്‍ മീനുവിന് സ്വപ്നഭവനത്തിന്റെ താക്കോല്‍ കൈമാറും. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷനാകും. നഗരസഭാ ചെയര്‍പേഴ്സണ്‍ എം രതിടീച്ചര്‍ മുഖ്യാതിഥിയായിരിക്കും. ഗുരുവായൂര്‍ ദേവസ്വം മെമ്പര്‍ മുന്‍ എംഎല്‍എ കെ അജിത് വിശിഷ്ടാതിഥിയായി പങ്കെടുക്കും. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി.മുഹമ്മദ് ബഷീര്‍, മണ്ഡലം അസി. സെക്രട്ടറി സി വി ശ്രീനിവാസന്, എഐവൈഎഫ് ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പില്‍, സിപിഐ എം കോട്ടപ്പടി ലോക്കല്‍ സെക്രട്ടറി എ എസ് മനോജ്, സിപിഐ പൂക്കോട് ലോക്കൽ സെക്രട്ടറി കെ കെ ജ്യോതിരാജ്, അസി. സെക്രട്ടറി രാജീവ് താഴിശ്ശേരി, പ്രസ് ക്ലബ് പ്രസിഡണ്ട് ആര് ജയകുമാര്‍, പ്രസ് ഫോറം പ്രസിഡണ്ട് ലിജിത് തരകന് തുടങ്ങിയവര്‍ സംബന്ധിക്കും. സിപിഐ ജില്ലാ സമ്മേളനത്തിന്റെ ആഹ്വാനപ്രകാരം അച്ചുതമേനോന് ഭവനപദ്ധതിയുടെ ഭാഗമായി എല്ലാ മണ്ഡലങ്ങളിലും സിപിഐ നേതൃത്വത്തില്‍ അര്‍ഹതയുള്ള കുടുംബങ്ങളെ കണ്ടെത്തി വീട് നിര്‍മ്മിച്ചുനല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്നുവരികയാണ്. ഇതില്നിന്നുകൂടി ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ഒരു ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏറെ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയത്. ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍മാനും എഐവൈഎഫ് മണ്ഡലം പ്രസിഡണ്ടുമായ അഭിലാഷ് വി ചന്ദ്രന് സെക്രട്ടറിയായുള്ള ഇരിങ്ങപ്പുറം വെസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ലത്തീഫ് കുഞ്ഞിമോന് കണ്‍വീനറായുള്ള കമ്മിറ്റിയാണ് മീനുവിനായി സുന്ദര ഭവനം യാഥാര്‍ത്ഥ്യമാക്കിയത്. കൊവിഡ് ഭീതിയില്‍ ശാരീരികമായ അകലം പാലിക്കുന്ന കാലമാണെങ്കിലും മനസുകൊണ്ട് മനുഷ്യര്‍ ഹൃദയങ്ങള്‍ ചേര്ത്തുവെയ്ക്കുന്നതിന് ഒരു ഉദാഹരണം കൂടിയായി മാറുകയാണ് ഈ ഭവനസാക്ഷാത്കാരം. സമകാലകമായ ഏറെ പ്രതിസന്ധികള്‍ക്കിടയിലും ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ നിരവധി സുമനസുകളാണ് സിപിഐ പ്രവര്‍ത്തകരുമായി കൈകോര്‍ത്തത്.