ഗുരുവായൂർ: ലോക്ഡൗണിൽ ഭക്തജനങ്ങൾ ആഗ്രഹിച്ചതുപോലെ ക്ഷേത്രത്തിനു പുറത്തു നിന്ന് തൊഴാനുള്ള സൗകര്യമായി. ക്ഷേത്രത്തിനു മുന്നിലെ വലിയ നടപ്പന്തൽ വരെ(കല്യാണമണ്ഡപത്തിനുപിന്നിൽ) വന്ന് ദർശനത്തിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. സാമൂഹിക അകലം പാലിച്ച് അഞ്ചുപേരെ വീതം മാത്രം തൊഴാൻ അനുവദിക്കുകയുള്ളൂ. അതിനനുസരിച്ചായിരിക്കും കിഴക്കേ ഗേറ്റുകളിൽനിന്ന് ഭക്തരെ വിടുക.

ക്ഷേത്രത്തിൽനിന്ന് കിഴക്കേനടയിൽ 300 മീറ്ററിനുള്ളിൽ പ്രധാനമായി രണ്ടു ഗേറ്റുകളുണ്ട്. അപ്‌സര ജങ്ഷനിലുള്ള ഒന്നാമത്തെ ഗേറ്റിനടുത്തുനിന്നായിരുന്നു നേരത്തെ തൊഴുതിരുന്നത്. പിന്നീട് ഇളവ്‌ വന്നപ്പോൾ രണ്ടാമത്തെ കവാടമായ സത്രപ്പടി വരെ പ്രവേശനം അനുവദിക്കുകയുണ്ടായി. രണ്ടു ഗേറ്റുകളും പൂർണമായും തുറന്നിട്ടില്ലെങ്കിലും നടക്കാൻ മാത്രം രണ്ടരികിലും വഴിയിട്ടിരിക്കുകയാണ്. ഭക്തജനങ്ങളും വിവിധ സംഘടനകളും ആവശ്യപ്പെട്ടതുപ്രകാരമാണ് ഇപ്പോൾ പ്രധാന നടപ്പന്തലിനു മുന്നിൽ വന്ന് തൊഴാനുള്ള സൗകര്യം ഏർപ്പെടുത്തിയത്.

രണ്ടരമാസത്തോളമായി ക്ഷേത്രനടപ്പന്തലിലേക്ക് കടക്കാൻ കഴിയാതിരുന്ന തങ്ങൾക്ക് ഈ സൗകര്യം സന്തോഷമുണ്ടാക്കുന്നതായി ഭക്തർ പറയുന്നു. തൊഴുതശേഷം അവിടെയുള്ള ഭണ്ഡാരത്തിൽ കാണിക്കയും സമർപ്പിച്ചാണ് ഭക്തർ മടങ്ങുന്നത്. ഗേറ്റുകൾ തുറക്കാത്തതുകൊണ്ട് വാഹനങ്ങൾ കടത്തിവിടില്ല. അതുകൊണ്ട് വാഹനപൂജ നടക്കില്ല. വിവാഹത്തിനും തത്‌കാലം അനുമതിയില്ല. പടിഞ്ഞാറെ നടയിലെ നിയന്ത്രണവും നീക്കിയിട്ടുണ്ട്. പടിഞ്ഞാറെ ഗോപുരനടയിലെ ദീപസ്തംഭത്തിനു മുന്നിൽ കെട്ടിയിട്ടുള്ള ഇരുമ്പുവേലി വരെ ഭക്തർക്ക് പ്രവേശനമുണ്ട്. എന്നാൽ തെക്കും വടക്കും നടപ്പന്തലുകൾ വഴി ആരെയും കടത്തിവിടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here