ഗുരുതുല്യനായ നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്: മന്ത്രി കെ കെ ശൈലജ

എം പി വീരേന്ദ്രകുമാര്‍ ഗുരുതുല്യനായ വ്യക്തിയായിരുന്നുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. പലപ്പോഴും എന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുകയും ഉപദേശിക്കുകയും ചെയ്തിരുന്നു. വലിയ സ്‌നേഹവും വാത്സല്യവുമായിരുന്നു. എപ്പോഴുമൊരു ഇടതുപക്ഷ സഹയാത്രികനായിരുന്ന അദേഹത്തിന്റെ കാണാച്ചരടുകള്‍ വായിച്ചിട്ടാണ് മുതലാളിത്ത നയത്തിനെതിരെയൊക്കെ സംസാരിക്കാറെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. മനസില്‍ ആ ആശയം മാത്രമാണെന്നും അതില്‍ യാതൊരു മാറ്റമില്ലെന്നും അദ്ദേഹവും പറഞ്ഞിരുന്നുവെന്നും കെ കെ ശൈലജ ഓര്‍മിച്ചു.

നല്ല പ്രഭാഷകന്‍, രാഷ്ട്രീയ വിശകലനം ചെയ്യുന്ന നേതാവ്, അതിനപ്പുറം നല്ലൊരു എഴുത്തുകാരനുമായിരുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍, യാത്രാ വിവരണങ്ങള്‍ അതൊക്കെ വലിയൊരു അനുഭവം തന്നെയായിരുന്നു. മാര്‍ഗ നിര്‍ദേശം തന്നിരുന്ന ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പെട്ടെന്ന് ഉള്ള വേര്‍പാട് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. രണ്ടു ദിവസം മുമ്പ് നടന്ന എംപിമാരുടെയും എംഎല്‍എമാരുടെയും വീഡിയോ കോണ്‍ഫറന്‍സില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.

കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമായി സംസാരിച്ചിരുന്നു. മുഖ്യമന്ത്രിയെ അഭിനന്ദിക്കുകയും ഈ സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും കൂടെയുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ഞങ്ങള്‍ക്ക് വലിയ പിന്തുണയായിരുന്നു. ശരിക്കും ഗുരുനാഥനെപ്പോലെയുള്ള ഒരു നേതാവാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. അപ്രതീക്ഷിതമായ ഈ വേര്‍പാട് വലിയൊരു സ്‌നേഹത്തിന്റെ തണല്‍ നഷ്ടപ്പെട്ട അനുഭവമാണ് ഉണ്ടാക്കിയിട്ടുള്ളത്. കേരള രാഷ്ട്രീയത്തിനും മാധ്യമ സാംസ്‌കാരിക രംഗത്തിനും വലിയൊരു നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button