പന്ത്രണ്ട് കൗണ്ടര്‍ പറഞ്ഞയിടത്ത് ഒരു കൗണ്ടര്‍ മാത്രം, സാമൂഹിക അകലമില്ല, തെര്‍മല്‍ സ്‌കാനര്‍ ഇല്ല, നീണ്ട കാത്തിരിപ്പ്.. ബെവ്ക്യൂ ആപ്പ് വഴി ടോക്കണ്‍ എടുത്ത് നിശ്ചിത സമയത്ത് മദ്യം വാങ്ങാന്‍ ചെന്നവരില്‍ പലരുടേയും ആദ്യ അനുഭവം ഇങ്ങനെ. പലര്‍ക്കും നാല്‍പ്പത്തിയഞ്ച് മിനിറ്റും ഒരു മണിക്കൂറും വരെ കാത്ത് നിന്നതിന് ശേഷമാണ് മദ്യം വാങ്ങാനായത്. ഒരു സമയം കൗണ്ടറിലെ ക്യൂവിലേക്ക് അഞ്ച് പേരെ മാത്രമേ പ്രവേശിപ്പിക്കൂ. എന്നാല്‍ പല ഔട്ട്ലെറ്റുകളിലും ഗേറ്റിന് പുറത്ത് റോഡരുകിലും മറ്റുമായി ആളുകള്‍ കൂട്ടം കൂടിയും സാമൂഹിക അകലം പാലിക്കാതെ വരി നില്‍ക്കുകയും ചെയ്യുന്ന സ്ഥിതിയാണ്.

ഇന്നലെ രാത്രി 11 മണിയോടെയാണ് ബെവ് ക്യൂ ആപ്പ് തയ്യാറായത്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ക്യുആര്‍ കോഡും, മദ്യം വാങ്ങേണ്ട സ്ഥലവും, എത്തേണ്ട സമയവും അടക്കം ടോക്കണില്‍ രേഖപ്പെടുത്തിയിരുന്നു. കോവിഡ് 19 വ്യാപനത്തിന് ശേഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് കേരളത്തിലെ മദ്യ വില്‍പ്പന ശാലകളും അടച്ചത്. സാമൂഹിക അകലം പാലിച്ച് കൃത്യതയോടെ മദ്യം വാങ്ങാനുള്ള സൗകര്യമാണ് ബെവ്ക്യൂവിലൂടെ സര്‍ക്കാര്‍ ഒരുക്കിയത്. കോവിഡ് സാമൂഹ്യവ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ എന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും ചിലയിടങ്ങളിലെങ്കിലും പാലിക്കപ്പെട്ടിട്ടില്ല എന്ന് മദ്യം വാങ്ങാനെത്തിയവര്‍ പറയുന്നു.

എന്നാല്‍ ആദ്യ ദിവസങ്ങളില്‍ വിതരണത്തില്‍ ചെറിയ വീഴ്ചകള്‍ ഉണ്ടാവാനിടയുണ്ടെന്നും തുടര്‍ന്നുള്ള ദിവസങ്ങള്‍ കാര്യങ്ങളില്‍ കൃത്യത വരുമെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. രണ്ട് മാസത്തിലേറെയായി കേരളത്തില്‍ മദ്യഷാപ്പുകള്‍ അടച്ചിട്ടിട്ട്. കള്ളുഷാപ്പുകള്‍ രണ്ടാഴ്ച മുമ്പ് തുറന്നിരുന്നു. എന്നാല്‍ പലയിടങ്ങളിലും കള്ള് കിട്ടാത്ത സ്ഥിതിയാണ് ഉള്ളത്.

കടപ്പാട്:

LEAVE A REPLY

Please enter your comment!
Please enter your name here