ബെവ് ക്യൂ ആപ്പ് വൈകുന്നതിന് വിശദീകരണവുമായി ഫെയർകോഡ് കമ്പനി രംഗത്ത്. ആപ്പ് വൈകുന്നത് ഗൂഗിൾ റിവ്യൂ തുടരുന്നതിനാലാണെന്ന് ഫെയർകോഡ് അധികൃതർ പറഞ്ഞു. നാളത്തേയ്ക്കുള്ള ബുക്കിംഗ് ഇന്ന് രാത്രി പത്ത് മണി വരെ നടത്താമെന്നും കമ്പനി അധികൃതർ പറഞ്ഞു.
4,64000 ടോക്കൺ വരെ ഇന്ന് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. എസ്എംഎസ് വഴി ബുക്ക് ചെയ്തവർ വീണ്ടും ബുക്ക് ചെയ്യേണ്ടി വരുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. ബെവ് ക്യൂ ആപ്പിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയായതിന് പിന്നാലെ അഞ്ച് മണിയോടെ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാകുമെന്നായിരുന്നു വിവരം. മണിക്കൂറുകൾ പിന്നിട്ടിട്ടും ആപ്പ് പ്ലേ സ്റ്റോറിൽ എത്തിയില്ല. ഇതോടെ കാരണം തേടി നിരവധി ആളുകൾ രംഗത്തെത്തി
മണി അഞ്ച് കഴിഞ്ഞു… ബേവ്ക്യൂ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ ഇല്ല; എവിടെയെന്ന് ജനം
അഞ്ച് മണിയായിട്ടും ബേവ്ക്യൂ ആപ് പ്ലേ സ്റ്റോറിലില്ല. മദ്യ വിൽപനക്കുള്ള ടോക്കൺ ലഭ്യമാക്കാൻ തയാറാക്കിയ ആപ്ലിക്കേഷൻ അഞ്ച് മണിക്കെത്തുമെന്നായിരുന്നു നിർമാതാക്കളുടെ അറിയിപ്പ്. ആപ്ലിക്കേഷന്റെ പ്രവർത്തനത്തെക്കുറിച്ചും വൈകുന്നേരം 6.30 മുതൽ അറിയാമെന്നും കമ്പനി പറഞ്ഞിരുന്നു.
അൽപസമയത്തിനുള്ളിൽ ബെവ്ക്യൂ ആപ്പ് പ്രവർത്തന സജ്ജമാകുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ പ്രഖ്യാപിച്ചിരുന്നു. ബെവ് ക്യൂ ആപ്പ് വഴി രജിസ്റ്റർ ചെയ്ത് ടോക്കൽ ലഭിക്കുന്നവർ മാത്രം മദ്യം വാങ്ങാൻ എത്തിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബുക്കിംഗിൽ അനുമതി ലഭിക്കാത്തവർ മദ്യം വാങ്ങാൻ എത്തരുതെന്നും മന്ത്രി പറഞ്ഞു
നാളെ രാവിലെ ഒൻപത് മണി മുതൽ മദ്യം ലഭിച്ച് തുടങ്ങും. വൈകീട്ട് അഞ്ച് മണി വരെയാണ് വിൽപന. ഒരു സമയം അഞ്ച് പേർക്കായിരിക്കും മദ്യം നൽകുകയെന്നും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചായിരിക്കണം മദ്യം വാങ്ങാൻ എത്തേണ്ടത്. മദ്യം വിതരണം ചെയ്യുന്നവർക്ക് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കും. ഔട്ട്ലെറ്റുകൾക്ക് മുന്നിൽ സോപ്പും വെള്ളവും ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഔട്ട്ലെറ്റുകളിൽ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ആപ്പ് വികസിപ്പിച്ചത്. കഴിയാവുന്ന വേഗത്തിൽ നടപ്പാക്കാനാണ് ശ്രമിച്ചത്. ആപ്പിന് വേണ്ടി ഐടി മിഷൻ, സിഡിറ്റ്, സ്റ്റാർട്ടഫ് മിഷൻ അംഗങ്ങൾ ഒരുമിച്ചു. കേരളത്തിലെ സ്റ്റാർട്ട് അപ്പ് മിഷനെ പരമാവധി പ്രോത്സാഹിപ്പിക്കാനാണ് ശ്രമിച്ചത്. വിദഗ്ധ സമിതിയാണ് ഫെയർകോഡിനെ തെരഞ്ഞെടുത്തതെന്നും മന്ത്രി വ്യക്തമാക്കി