ചേറ്റുവ: സംസ്ഥാനത്തിന്റെ വികസനത്തിൽ പങ്കാളികളായ പ്രവാസ്സി സമൂഹത്തെ കൊറോണ മഹാമാരിയുടെ വ്യാപനത്തിൽ നിന്നും തടയുന്നതിനും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും നേത്രത്വം കൊടുക്കേണ്ട കേരള സർക്കാർ നാട്ടിലെത്തുന്ന പ്രവാസികളെ കോറിന്റൈൻ ചെയ്യാനുള്ള ചിലവ് കൂടി ഈടാക്കുമെന്ന് പറയുന്നത് കടുത്ത അനീതിയും നന്ദിക്കേടുമാണെന്നു കെ.എം.സി.സി അബുദാബി സംസ്ഥാന മുൻ സെക്രട്ടറി കെ.കെ.ഹംസക്കുട്ടി പറഞ്ഞു.
പള്ളി മുതൽ പള്ളിക്കൂടം വരെയും ആശുപത്രി മുതൽ പാർട്ടി ഓഫീസുകൾ പടുത്തുയർത്തുന്നതിൽ കയ്യഴിഞ്ഞു സഹായിച്ച മലയാളി സമൂഹത്തെ ആപൽഘട്ടങ്ങളിൽ സഹായിക്കേണ്ടത് സർക്കാരിന്റെ ധാർമ്മിക ഉത്തരവാദിത്വം കൂടിയാണ്. സർക്കാർ ഈ തീരുമാനത്തിൽ നിന്നും പിന്തിരിയണമെന്നും ആവശ്യപ്പെട്ടു. ചാവക്കാട് ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഷിഫാസ് മുഹമ്മദലി ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് മന്നലാംകുന്ന് മുഹമ്മദുണ്ണി മുഖ്യ പ്രഭാഷണം നടത്തി. സി.ബി. അബ്ദുൽ അസീസ്, പി.പി.ഷാഹു, ടി.എ ഹാരിസ്, ഫൈസൽ കാനംപ്പുള്ളി തുടങ്ങിയവർ സംസാരിച്ചു. ഉമ്മർ വൈശ്യം വീട്ടിൽ, ടി.എ കോയ എന്നിവർ നേത്രത്വം കൊടുത്തു.