ബെവ്ക്യൂ സജ്ജം: ബുക്കിംഗ് നാളെ മുതൽ

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ബെവ്ക്യൂ ആപ്പിൽ മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം നാളെ മുതൽ ആരംഭിക്കും. ഇന്ന് ഉച്ച കഴിഞ്ഞ് ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാകുമെന്ന് ഫെയർകോഡ് അറിയിച്ചു. വ്യാഴാഴ്ച്ച മുതൽ മദ്യവിൽപ്പന തുടങ്ങുമെന്നാണ് സൂചന. എക്‌സൈസ് മന്ത്രി, എക്‌സൈസ് കമ്മീഷ്ണർ, ബെവ്‌കോ എംഡി എന്നിവരടങ്ങുന്ന യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇതിന് പിന്നാലെ എക്‌സൈസ് മന്ത്രി ഇന്ന് ഉച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണും. മദ്യവിൽപന ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.

എട്ട് ലക്ഷം പേർ ഒരു സമയം ഈ ആപ്പിൽ എത്തിയാൽ പോലും സെർവറിന് ഒരു തകരാറും സംഭവിക്കില്ലെന്നാണ് ഫെയർകോഡ് നൽകുന്ന ഉറപ്പ്. ഇനി ഒരു പരിശോധന കൂടി മാത്രമേ അവശേഷിക്കുന്നുള്ളു. അത് മിനിറ്റുകൾക്കുള്ളിൽ തന്നെ പൂർത്തിയാക്കും. അതുകൂടി പൂർത്തീകരിച്ചാൽ ഉച്ച കഴിഞ്ഞ് ആപ്പ് പ്ലേ സ്റ്റോറിൽ എത്തും. നിസ്സഹകരണം പ്രഖ്യാപിച്ച 30 ബാറുകളെ ആപ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ 1100 ൽ താഴെ ബാറുകളാകും ബെവ്ക്യു ആപ്പുമായി കൈകോർക്കുക.

ആപ്പ് സജ്ജമായാൽ തൊട്ടടുത്ത ദിവസം തന്നെ മദ്യ വിൽപന തുടങ്ങാൻ തയാറാകാൻ ബെവ്‌കോ എംഡി നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വെയർ ഹൗസുകളിൽ നിന്ന് സ്‌റ്റോക്കുകൾ ബാറുകളിലേക്ക് എത്തിക്കുക, എക്‌സൈസ് വകുപ്പുകൾ കണക്കുകൾ തിട്ടപ്പെടുത്തുക തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. ബാറുകൾ അണുവിമുക്തമാക്കുന്ന നടപടികളും നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

guest
0 Comments
Inline Feedbacks
View all comments