തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. കൊവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ച് കൊണ്ട് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ആരോഗ്യസുരക്ഷയുളള പരീക്ഷാ നടത്തിപ്പാണ് തയ്യാറാക്കിയിരിക്കുന്നത്.

ADVERTISEMENT

പരീക്ഷാ കേന്ദ്രം മുതല്‍ ഉത്തരക്കടലാസിന്റെ മൂല്യനിര്‍ണയം വരെ ഇത് നീളുകയും ചെയ്യും. ഇന്ന് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും എസ്എസ്എല്‍സി പരീക്ഷകളുമാണ് നടക്കുക. നാളെ മുതലാണ് പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ തുടങ്ങുക. എസ്എസ്എല്‍സി പരീക്ഷകള്‍ ഉച്ചയ്ക്ക് ശേഷമാണ് നടക്കുന്നത്.

സുരക്ഷ മുന്‍കരുതലുകള്‍ ഇങ്ങനെ

കൊവിഡ് നിരീക്ഷണത്തിലുളളതോ, നിരീക്ഷണത്തില്‍ കുടുംബാംഗങ്ങള്‍ ഉളളതോ ആയ വീടുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്കായി പ്രത്യേക ഹാളുകളാണ്. ഇവര്‍ക്ക് പ്രവേശിക്കാനായി പ്രത്യേക വഴിയും അനുവദിക്കും. കൂടാതെ ഇവരുടെ ഉത്തരക്കടലാസുകള്‍ പ്രത്യേകം പ്ലാസ്റ്റിക് കവറുകളില്‍ സീല്‍ ചെയ്യും. ഇത് മറ്റൊരു കവറിലാക്കി അതില്‍ രജിസ്റ്റര്‍ നമ്പര്‍ രേഖപ്പെടുത്തും.

വിദ്യാര്‍ത്ഥികളെ പരീക്ഷ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ സ്‌കൂള്‍ ബസുകളും കെഎസ്ആര്‍ടിസി ബസുകളും തയ്യാറാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുമായി പോകുന്ന വാഹനം തടയരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്‌കൂളിലേക്ക് എത്താന്‍ വാഹനങ്ങള്‍ ലഭിക്കാത്തവരെ പൊലീസ് ജീപ്പില്‍ പരീക്ഷയ്ക്ക് എത്തിക്കും. ഏതെങ്കിലും കാരണവശാല്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കായി സേ പരീക്ഷ നടത്തുന്നുമുണ്ട്.

അരമണിക്കൂര്‍ മുന്‍പ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തണം. ശരീരോഷ്മാവ് പരിശോധിച്ച ശേഷമായിരിക്കും കുട്ടികളെ ഹാളില്‍ കയറ്റുക. പരീക്ഷഹാളിന് പുറത്ത് സാനിറ്റൈസറും ഉണ്ടാകും.

രക്ഷകര്‍ത്താക്കളെ സ്‌കൂളിന് മുന്നില്‍ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കുകയില്ല. കൂടാതെ കുട്ടികളെ കൂട്ടമായി പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കുകയും പുറത്തിറക്കുകയും ചെയ്യുകയില്ല.
അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കൈയുറ നല്‍കും. പരീക്ഷ പേപ്പര്‍ അടക്കം ഒന്നും വെറും കൈ കൊണ്ട് ഇവര്‍ തൊടാന്‍ പാടില്ല.

ഉത്തരക്കടലാസ് അധ്യാപകര്‍ നേരിട്ട് വാങ്ങില്ല. കുട്ടികള്‍ കവറിലാക്കി ഇത് നല്‍കണം. ഹാജര്‍ ഷീറ്റില്‍ വിദ്യാര്‍ത്ഥികള്‍ ഒപ്പിടേണ്ട. അധ്യാപകര്‍ കുട്ടികളുടെ ഹാജര്‍ അവരുടെ ഷീറ്റില്‍ രേഖപ്പെടുത്തിയാല്‍ മതി.

പേന, പെന്‍സില്‍, സ്‌കെയില്‍ അടക്കം അവരവരുടെ ഉപകരണങ്ങള്‍ മാത്രമേ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ അനുവാദമുളളൂ. പേനയും പെന്‍സിലും അടക്കം യാതൊന്നിന്റെയും കൈമാറ്റം അനുവദിക്കുന്നതല്ല.

വീട്ടില്‍ എത്തിയാല്‍ ഉടന്‍ വിദ്യാര്‍ത്ഥികള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കുളിക്കുക.

COMMENT ON NEWS

Please enter your comment!
Please enter your name here