തൃശൂർ ∙ 2 മാസത്തെ കാത്തിരിപ്പിനു ശേഷം ജില്ലയിൽ ഇന്നു പരീക്ഷാ ഹാളിലെത്തുക 35,319 വിദ്യാർഥികൾ. കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ പരീക്ഷകളാണ് ഇന്നു മുതൽ 3 ദിവസങ്ങളിലായി നടക്കുക. ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 4 വരെയാണു പരീക്ഷ. വിദ്യാർഥികൾ അര മണിക്കൂർ മുൻപ് പരീക്ഷാകേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം. 259 പരീക്ഷാകേന്ദ്രങ്ങളാണു ജില്ലയിൽ പ്രത്യേക സൗകര്യങ്ങളോടെ തയാറാക്കിയിട്ടുള്ളത്. 83 എണ്ണം സർക്കാർ മേഖലയിലും 148 എണ്ണം എയ്ഡഡ് മേഖലയിലും 30 എണ്ണം അൺ എയ്ഡഡ് മേഖലയിലും. തൃശൂർ – 10,062, ഇരിങ്ങാലക്കുട- 10,750, ചാവക്കാട് – 14,507 എന്നിങ്ങനെയാണു പരീക്ഷ എഴുതുന്നവരുടെ വിദ്യാഭ്യാസ ജില്ല തിരിച്ചുള്ള കണക്ക്.

3475 ഇൻവിജിലേറ്റർമാരെയാണു നിയോഗിച്ചിരിക്കുന്നത്. മറ്റു ജില്ലകളിൽ നിന്നു തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് അവരുടെ സ്വന്തം ജില്ലകളിൽ പരീക്ഷയെഴുതാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ 429, തൃശൂർ 102, ഇരിങ്ങാലക്കുട 83 എന്നിങ്ങനെ കുട്ടികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നു. 582 ഭിന്നശേഷിക്കാരായ വിദ്യാർഥികൾ പരീക്ഷ എഴുതുന്നുണ്ട്. കെഎസ്ആർടിസി കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കുമെന്ന് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫിസർ അറിയിച്ചു. പ്ലസ് ടു പരീക്ഷ നാളെയാണ് ആരംഭിക്കുക.

∙സ്‌കൂളുകളിലേക്ക് ഒരു പ്രവേശനമാർഗം മാത്രം. ഇവിടെ കുട്ടികളുടെ താപനില പരിശോധിക്കാൻ തെർമൽ സ്‌കാനറുകൾ.
∙നേരിയ താപനില വ്യത്യാസമോ ആരോഗ്യ പ്രശ്നങ്ങളോ ഉള്ള കുട്ടികളെ മാറ്റിയിരുത്തി പരീക്ഷ എഴുതിക്കും.
∙രക്ഷിതാക്കൾക്കു സ്കൂൾ അങ്കണത്തിലേക്കു പ്രവേശനം അനുവദിക്കില്ല.
∙ശരീരോഷ്മാവു പരിശോധിക്കുന്നതിന് ഓരോ 50 കുട്ടിക്കും ഒരാൾ എന്ന നിലയിൽ പരിശീലനം ലഭിച്ച അധ്യാപകരും ഓരോ കേന്ദ്രത്തിലും 2 ആരോഗ്യപ്രവർത്തകരും.
∙അതത് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫിസർമാരുടെ സേവനം ആവശ്യമെങ്കിൽ ഉപയോഗിക്കും.
∙പട്ടികവർഗ മേഖലയിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കു പരീക്ഷ കേന്ദ്രങ്ങളിൽ എത്താൻ വേണ്ട സഹായങ്ങൾ ചെയ്യുന്നതിന് ജില്ലാ ട്രൈബൽ ഓഫിസറെ ചുമതലപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here