കാലടിയില്‍ സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. സംഭവത്തിന് നേതൃത്വം നല്‍കിയ എഎച്ച്പി പ്രവര്‍ത്തകന്‍ രതീഷ് ആണ് അറസ്റ്റിലായത്. മറ്റ് നാല് പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ടൊവിനോ തോമസ് പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റാണ് രാഷ്ട്രീയ ബജ്റംഗദള്‍, എഎച്ച്പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് പൊളിച്ച് നീക്കിയത്. കാലടി മണപ്പുറത്ത് നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് പൊളിച്ച് മാറ്റിയത്.

ADVERTISEMENT

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ രണ്ടാംഘട്ട ഷൂട്ടിങിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കിനിര്‍‌മിച്ച സെറ്റാണ് ഇന്നലെ പൊളിച്ച് നീക്കിയത്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ചിത്രീകരണം അനുമതി കിട്ടിയാലുടന്‍ തുടങ്ങാനിരിക്കെയാണ് സംഭവം. 50 ലക്ഷത്തോളം രൂപ മുടക്കി 100ലേറെ പേരുടെ ശ്രമഫലമായായിരുന്നു സെറ്റ് നിര്‍മാണം. എല്ലാ അനുമതിയോടും കൂടിയാണ് സെറ്റ് നിര്‍മിച്ചതെന്ന് സിനിമയുടെ നിർമാതാവ് സോഫിയ പോൾ നേരത്തെ വ്യക്തമാക്കിയിരുന്നു. വടക്കേ ഇന്ത്യയില്‍ മതഭ്രാന്തിന്‍റെ പേരില്‍ സിനിമാ ലൊക്കേഷന്‍ ആക്രമിച്ചത് കേട്ടിട്ടുണ്ടെന്നും ഇപ്പോള്‍ അത് അനുഭവത്തില്‍ വന്നുവെന്നുമായിരുന്നു സിനിമയിലെ നായകന്‍ ടൊവിനോ തോമസിന്റെ പ്രതികരണം. വികാരഭരിതനായാണ് സംവിധായകന്‍ ബേസില്‍ സംഭവത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ചിലർക്കിത് തമാശയാവാം, ട്രോള്‍ ആവാം, പബ്ലിസിറ്റി ആവാം, രാഷ്ട്രീയം ആവാം, പക്ഷെ ഞങ്ങൾക്ക് ഇതൊരു സ്വപ്നം ആയിരുന്നു. ഒരുമിച്ചു നിൽക്കേണ്ട സമയത്ത്, ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ എന്ന്. ബേസില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും മലയാള സിനിമാ പ്രവര്‍ത്തകര്‍ ഈ ഭീകര പ്രവര്‍ത്തനത്തെ പ്രതിരോധിക്കുമെന്നും മാക്ട ചെയര്‍മാന്‍ ജയരാജ് പ്രതികരിച്ചു. സിനിമാ സെറ്റ്‌ പൊളിക്കാനായി തുനിഞ്ഞിറങ്ങിയവരുടെ ഉള്ളിലെ വർഗ്ഗീയതയുടെ വൈറസ്‌ മാരകമാണെന്നും ഇവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവണമെന്നും ഫെഫ്ക ആവശ്യപ്പെട്ടു. മിന്നല്‍ മുരളിയിലെ സഹനടന്‍ അജു വര്‍ഗീസ് അടക്കം നിരവധി പേര്‍ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി

COMMENT ON NEWS

Please enter your comment!
Please enter your name here