കോവിഡ് ലോക്ക് ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടാന്‍ ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ഹിമാചല്‍ പ്രദേശിലെ 12 ജില്ലകളും അടുത്ത അഞ്ച് ആഴ്ചത്തേയ്ക്ക് കൂടി ലോക്ക് ഡൗണിലായിരിക്കും എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് വ്യക്തമാക്കിയിരിക്കുന്നത്. 203 കോവിഡ് പോസിറ്റീവ് കേസുകളാണ് ഹിമാചല്‍പ്രദേശില്‍ ഇതുവരെ സ്ഥിരീകരിച്ചത്. 63 പേര്‍ക്ക് രോഗം ഭേദമായി. മൂന്ന് പേര് മരിച്ചു. ഹാമിര്‍പൂരില്‍ 63 കേസുകളും സൊളാനില്‍ 21 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
മേയ് 31നപ്പുറം ലോക്ക് ഡൗണ്‍ നീട്ടുന്നതായി ഇതാദ്യമായാണ് ഒരു സംസ്ഥാനം അറിയിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ വന്ന മഹാരാഷ്ട്രയില്‍ മേയ് 31നപ്പുറത്തേയ്ക്ക് ലോക്ക് ഡൗണ്‍ നീട്ടേണ്ടി വന്നേക്കാമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്നലെ പറഞ്ഞിരുന്നു. മേയ് 31ന് ശേഷം ലോക്ക് ഡൗണ്‍ നീട്ടുമെന്ന സൂചനകള്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല.