കൊല്ലം : കൊല്ലം അഞ്ചലില്‍ യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ പ്രതിയായ ഭര്‍ത്താവ് സൂരജിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. രാവിലെ അഞ്ചരയോടെയാണ് പ്രതിയെ മരിച്ച ഉത്രയുടെ വീട്ടില്‍ എത്തിച്ചത്. മൂര്‍ഖന്‍ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാര്‍ തെളിവെടുപ്പില്‍ കണ്ടെടുത്തു. സമീപത്തെ പറമ്പില്‍ നിന്നാണ് ജാര്‍ കണ്ടെടുത്തത്.

പറമ്പില്‍ നിന്നും സൂരജാണ് പാമ്പിനെ കൊണ്ടുവന്ന ജാര്‍ പൊലീസിന് കാട്ടിക്കൊടുത്തത്. അപ്രതീക്ഷിതമായാണ് അന്വേഷണസംഘം പ്രതി സൂരജിനെ ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചത്. പ്രതിയെ വീട്ടിലെത്തിച്ചപ്പോള്‍ ഉത്രയുടെ മാതാപിതാക്കള്‍ രോഷാകുലരായി. അവനെ വീട്ടില്‍ കയറ്റരുതെന്ന് ഉത്രയുടെ അമ്മ കരഞ്ഞുകൊണ്ട് പൊലീസിനോട് പറഞ്ഞു.

പൊലീസിനോട് കുറ്റം സമ്മതിച്ച സൂരജ്, വീട്ടിലെത്തിയപ്പോള്‍ താന്‍ നിരപരാധിയാണെന്ന് വീട്ടുകാരോട് പറഞ്ഞു. താന്‍ തെറ്റൊന്നും ചെയ്തില്ലെന്നാണ് സൂരജ് ഉത്രയുടെ അച്ഛനോട് പറഞ്ഞത്.
എനിക്കൊന്നും കേള്‍ക്കേണ്ടെന്ന് ഉത്രയുടെ അച്ഛന്‍ പറഞ്ഞു.

അരമണിക്കൂറിനകം തെളിവെടുപ്പ് പൂര്‍ത്തിയാക്കി അന്വേഷണ സംഘം മടങ്ങി. പ്രതി സൂരജിനെയും പാമ്ബു നല്‍കിയ സഹായി സുരേഷിനെയും ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും. ഇവരുടെ അറസ്റ്റ് ഇന്നലെ വൈകീട്ട് രേഖപ്പെടുത്തിയിരുന്നു. കോവിഡ് പരിശോധനകള്‍ അടക്കം നടത്തിയശേഷമാകും പ്രതികളെ ജയിലില്‍ അടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here