കൊച്ചി : ലോക്ഡൗണിലെ ഇളവുകള്‍ നിലവില്‍ വന്നതിനു ശേഷം കൊച്ചിയില്‍ നിന്നും തിങ്കളാഴ്ച മുതല്‍ ആഭ്യന്തരവിമാന സര്‍വീസുകള്‍ പുനരാരംഭിയ്ക്കും. ഈ സാഹചര്യത്തില്‍ സുരക്ഷിത യാത്രയ്ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു.

ADVERTISEMENT

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കോവിഡ്19 നുമായി ബന്ധപ്പെട്ട് പ്രകടമായ ലക്ഷണങ്ങളില്ലെന്ന സാക്ഷ്യപത്രം (എസിംപ്റ്റമാറ്റിക് സര്‍ട്ടിഫിക്കറ്റ്) നിര്‍ബന്ധമായും ഹാജരാക്കണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിച്ചേരുന്നവര്‍ക്ക് കോവിഡ് ജാഗ്രത പെര്‍മിറ്റുണ്ടായിരിക്കണം. പിക്ക്അപ്പിനും യാത്രക്കാരെ ഡ്രോപ്പ് ചെയ്യാനും സ്വകാര്യ വാഹനങ്ങളും ടാക്സികളും അനുവദിക്കും.

സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍:

വിമാനടിക്കറ്റുകള്‍ ലഭിച്ച ശേഷം ജാഗ്രത വെബ്സൈറ്റില്‍ യാത്രക്കാര്‍ തങ്ങളുടെ വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. സൈറ്റില്‍ പബ്ലിക് സര്‍വീസസ് എന്ന ലിങ്കില്‍ നിന്ന് ഡൊമസ്റ്റിക് റിട്ടേണീസ് പാസ് തിരഞ്ഞെടുത്ത് ന്യൂ രജിസ്ട്രേഷന്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് എന്റര്‍ ഡീറ്റെയ്ല്‍സ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് വിശദാംശങ്ങള്‍ സമര്‍പ്പിക്കാം.

ഒരു ടിക്കറ്റില്‍ ഒന്നിലധികം വ്യക്തികള്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍, എല്ലാ വ്യക്തികളുടെയും വിവരങ്ങള്‍ ചേര്‍ക്കണം. ഇതിനായി ഒരാള്‍ രജിസ്റ്റര്‍ ചെയ്യുകയും ആഡ് ഫാമിലി മെംബര്‍ എന്ന ഓപ്ഷന്‍ വഴി മറ്റുള്ളവരുടെ വിശദാംശങ്ങള്‍ ചേര്‍ക്കുകയും ചെയ്യാം. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നിന്ന് ലഭിച്ച എന്‍ട്രി പാസിന്റെ വിശദാംശങ്ങള്‍ എയര്‍ലൈന്‍ ജീവനക്കാര്‍ പരിശോധിച്ച ശേഷമാണ് വിമാനത്താവളത്തില്‍ ബോര്‍ഡിംഗ് പാസ് അനുവദിക്കുക. ഇതിനായി ഇവര്‍ക്ക് പ്രത്യേക റിക്വസ്റ്റ് അയയ്ക്കേണ്ടതാണ്.

യാത്രക്കാര്‍ക്ക് വീടുകളിലേക്ക് പോകാന്‍ സ്വന്തം വാഹനമോ വാടക വാഹനമോ ഉപയോഗിക്കാം. വിമാനത്താവളത്തിലെ രജിസ്ട്രേഷന്‍ ഡെസ്‌കില്‍ യാത്രക്കാര്‍ രജിസ്ട്രേഷന്‍ വിശദാംശങ്ങള്‍ കാണിക്കണം.

മെഡിക്കല്‍ പരിശോധനയില്‍ കോവിഡ് ലക്ഷണങ്ങള്‍ കാണിക്കാത്തവരെ ഹോം ക്വാറന്റൈനിലേക്കും രോഗലക്ഷണങ്ങളുള്ളവരെ കോവിഡ് കെയര്‍ സെന്ററിലേക്കോ ആശുപത്രിയിലേക്കോ അയയ്ക്കും. സംസ്ഥാനത്ത് പ്രവേശിക്കുന്ന എല്ലാ വ്യക്തികളും 14 ദിവസത്തേക്ക് ഹോം ക്വാറന്റൈനില്‍ കഴിയണം. വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യമില്ലാത്തവരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് അയയ്ക്കും.

വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ കൊണ്ടുപോകാന്‍ വാഹനങ്ങളുമായി ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ വരാം. വാഹനത്തില്‍ ്രൈഡവറടക്കം രണ്ടു പേര്‍ മാത്രമേ പാടുള്ളൂ. വിമാനത്താവളത്തിലെത്തുന്നവര്‍ യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ 14 ദിവസം ക്വാറന്റൈനില്‍ പോകേണ്ടതാണ്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിന് കെഎസ്ആര്‍ടിസി സര്‍വീസുകളുണ്ടാകും.ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here