തൃശ്ശൂർ: 403 പെൺകുട്ടികളെ തടസ്സമില്ലാതെ എസ്.എസ്.എൽ.സി. പരീക്ഷകൾ എഴുതിക്കണമെന്ന ഉത്തരവാദിത്വമാണ് പ്രധാനാധ്യാപികയായ സിസ്റ്റർ പവിത്രയ്ക്കുള്ളത്. വിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങളെല്ലാം നടപ്പാക്കേണ്ടതിന്റെ ടെൻഷനൊന്നും തൃശ്ശൂർ സേക്രട്ട് ഹാർട്ട് ഗേൾസ് എച്ച്.എസ്.എസിലെ ഈ പ്രധാനാധ്യാപികക്കില്ല. കാരണം ഒരുക്കങ്ങൾ കൃത്യതയോടെ നടപ്പാക്കിവരുന്നു. പ്രധാനാധ്യാപികയുടെ വോയ്‌സ് മെസേജിലൂടെ കാര്യങ്ങൾ അപ്പപ്പോൾത്തന്നെ രക്ഷിതാക്കളിൽ എത്തുന്നു. പൊതുഗതാഗതം പൂർണതോതിൽ ആയിട്ടില്ലാത്ത സമയത്ത് പരീക്ഷയ്ക്ക് കുട്ടികൾ എങ്ങനെ എത്തും എന്ന് ആശങ്കപ്പെടുന്ന സ്കൂൾ ഉണ്ടെങ്കിൽ അതിൽ ഇവരും ഉൾപ്പെടുമായിരുന്നു. കാരണം നഗരഹൃദയത്തിലെ മുൻനിര സ്കൂളാണെങ്കിലും ഒരു സ്കൂൾബസു പോലും ഇല്ലാത്തതുതന്നെ കാരണം.

രക്ഷിതാക്കൾ ഏർപ്പാടാക്കുന്ന വാഹനങ്ങളിലും സ്വകാര്യ ബസുകളിലും വന്നിരുന്നവരാണ് ഈ സ്കൂളിലെ പെൺകുട്ടികൾ. ബസുകളിൽ വന്നവർ എങ്ങനെയെത്തും എന്ന് അധ്യാപകർ സിസ്റ്റർ പവിത്രയോട് ചോദിച്ചപ്പോൾത്തന്നെ അതിനുത്തരം വന്നു. ‘നമ്മൾ ഇപ്പോൾ 403 കുട്ടികളുടെയും വീടുകളിൽ ബന്ധപ്പെട്ടു കഴിഞ്ഞു. പരീക്ഷയ്ക്ക് കുട്ടികളെ എത്തിക്കാമെന്ന് 90 ശതമാനം രക്ഷിതാക്കളും അറിയിച്ചിട്ടുണ്ട്. സാമ്പത്തികമായി പ്രയാസമുള്ള രക്ഷിതാക്കളോട് വാഹനം ക്രമീകരിച്ച് വരാൻ പറഞ്ഞിട്ടുണ്ട്. അതിന്റെ വാടക സ്കൂൾ കൊടുക്കും. ‘ സ്കൂളിലെ മുക്കും മൂലയും അണുവിമുക്തമാക്കി. അഗ്നിരക്ഷാസേനയുടെ സഹായത്തോടെ അണുനശീകരണം പൂർണമാക്കി. സാനിറ്റൈസറുകളും ഹാൻഡ് വാഷുകളും ശേഖരിച്ചുകഴിഞ്ഞു. പരീക്ഷാ ദിവസം ഗേറ്റ് കടന്നെത്തുന്ന ഓരോ കുട്ടിയെയും കൈകൾ കഴുകിക്കാനുള്ള ചുമതല സ്കൂളിലെ അധ്യാപകർക്ക് വീതിച്ചുനൽകി.

പത്താം ക്ലാസിലെ അഞ്ച് ഡിവിഷനുകളിലെയും രക്ഷിതാക്കളെ ഉൾപ്പെടുത്തി ഉണ്ടാക്കിയ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഏറെ പ്രയോജനപ്പെട്ടതും ഈ പരീക്ഷാ നടത്തിപ്പിനെ സുഗമമാക്കുന്നു. കുട്ടികൾക്കുള്ള മാസ്ക് സമഗ്രശിക്ഷാ അഭിയാൻ വഴി വീടുകളിൽ എത്തിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. എന്നാലും അഞ്ഞൂറോളം മാസ്കുകൾ ഈ സ്കൂളിൽ തയ്യാറാക്കിയിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ വീടുകളിൽ സിസ്റ്റർ പവിത്ര വിളിച്ചിരുന്നു. സമീപത്തുള്ള കടയിൽ നിന്നും 1,000 രൂപയുടെ നിത്യോപയോഗ സാധനങ്ങൾ വാങ്ങിയശേഷം ബിൽ സ്കൂളിൽ എത്തിച്ച് ആ പണം കൈപ്പറ്റണമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഈ പ്രധാനാധ്യാപിക പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here