കൊല്ലം: യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതി സൂരജിന്റെ മൊഴി പുറത്ത്. കരിമൂര്‍ഖനെ കൊണ്ട് ഉത്രയെ കടിപ്പിച്ചെന്നാണ് സൂരജ് അന്വേഷണ സംഘത്തിന് മൊഴി കൊടുത്തത്. ഉത്രയെ പാമ്പ് കടിക്കുന്നത് നോക്കി നിന്നെന്നും മരണം ഉറപ്പാക്കിയ ശേഷം കട്ടിലില്‍ ഉറങ്ങാതെ ഇരുന്നുവെന്നും സൂരജ് പറഞ്ഞു. സംഭവത്തില്‍ സൂരജിനെയും പാമ്പുപിടുത്തക്കാരന് സുരേഷിനെയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
ഉത്രയെ കൊല്ലാന്‍ 10,000രൂപ നല്‍കിയാണ് സുരേഷില്‍ നിന്ന് സൂരജ് പാമ്പിനെ വാങ്ങിയത്. ചില മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിച്ച ഉത്രയെ കൊല്ലാന്‍ ഉറപ്പിച്ച സൂരജ് ഫെബ്രുവരി 26 നാണ് സുരേഷില്‍ നിന്ന് അണലിയെ വാങ്ങിയത്. അണലി ഉത്രയെ കടിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. തുടര്‍ന്ന് കരിമൂര്‍ഖനെ വാങ്ങുകയായിരുന്നു. വലിയ ബാഗിലാക്കിയാണ് സൂരജ് കരിമൂര്‍ക്കനെ അഞ്ചലിലുള്ള ഉത്രയുടെ വീട്ടിലേക്ക് കൊണ്ടുപോയത്. ഉത്ര ഉറങ്ങി കിടന്ന രാത്രി ഉത്രയുടെ മുകളില്‍ പാമ്പിനെ കുടഞ്ഞിട്ടുവെന്നും രണ്ട് പ്രാവിശ്യം പാമ്പ് ഉത്രയെ കൊത്തിയെന്നും സൂരജ് മൊഴി നല്കി. ഉത്ര മരിച്ചെന്ന് ഉറപ്പായശേഷം കട്ടിലില്‍ ഇരുന്ന് നേരം വെളുപ്പിക്കുകയായിരുന്നു. രാവിലെയായപ്പോള്‍ സൂരജ് തന്നെ പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തു.
ഉത്ര മരിച്ച ദിവസം തന്നെ വീട്ടുകാര്‍ ഉത്രയ്ക്ക് നല്കിയ 110 പവനില്‍ 92 പവന് ലോക്കറില്‍ നിന്ന് സൂരജ് എടുത്തിരുന്നു. പാമ്പുപിടുത്തക്കാരന് സുരേഷിനെ ഒപ്പമിരുത്തി പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സൂരജ് കുറ്റം സമ്മതിച്ചത്. പാമ്പുമായുള്ള ദൃശ്യങ്ങള്‍ യൂടൂബില്‍ ഇടുന്നതിനു വേണ്ടിയാണ് പാമ്പിനെ വാങ്ങിയതെന്നായിരുന്നു ചോദ്യം ചെയ്തപ്പോള്‍ ആദ്യം സൂരജ് പറഞ്ഞത്. സൂരജിനും സുരേഷിനുമൊപ്പം സൂരജിന്റെ ബന്ധുവും ഇപ്പോള്‍ കസ്റ്റഡിയില്‍ ഉണ്ട്. ജനലുകള്‍ തുറക്കാത്ത എസി മുറിയില്‍ പാമ്പ് എങ്ങനെ കയറി എന്ന സംശയത്തിലാണ് ആദ്യ അന്വേഷണം പുരോഗമിച്ചത്. ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് പാമ്പ് കടിയേറ്റ് ഉത്ര മരിച്ചത്. മാര്‍ച്ച് 2 ന് അടൂരിലെ ഭര്ത്തൃവീട്ടില്വെച്ചും ഉത്രയ്ക്ക് പാമ്പ് കടിയേറ്റിരുന്നു. ഇതിന്റെ ചികിത്സയ്ക്കും വിശ്രമത്തിനുമാണ് മാതാപിതാക്കള്‍ താമസിക്കുന്ന കുടുംബ വീട്ടിലെത്തിയത്.