പ്രതിസന്ധികളെ ഊർജമാക്കി സംസ്ഥാനഭരണത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75ാം ജന്മദിനം. കൊവിഡ് പ്രതിരോധത്തിലെ കേരള മോഡലിനെ ലോകം വാഴ്ത്തുമ്പോഴാണ് അതിനു നേതൃത്വം വഹിക്കുന്ന പിണറായിയുടെ ജന്മദിനമെത്തുന്നത്. മഹാമാരിയുടെ കാലത്ത് ജന്മദിനത്തിന് പ്രസക്തിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

ADVERTISEMENT

പ്രതിസന്ധികൾ രണ്ടുവട്ടം പ്രളയത്തിന്റെ രൂപത്തിലെത്തി, നിപ്പ വന്നു, ഇപ്പോൾ കൊവിഡും. രാഷ്ട്രീയ തിരിച്ചടികൾ ലോക്സഭാ തെരഞ്ഞെടുപ്പിന്റെയടക്കം രൂപത്തിലെത്തി. ആശ്വാസം ഉപതിരഞ്ഞെടുപ്പുകളുടെ രൂപത്തിലും. പാർട്ടി സെക്രട്ടറിയായിരിക്കെ ഇതിനേക്കാൾ വലിയ കയറ്റിറക്കങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നത്തേയും കാർക്കശ്യമാണ് പിണറായി വിജയന് 75 തികയുമ്പോഴും. മഹാമാരിയുടെ ഈ കാലത്തേയും അതിജീവിക്കാനാകുമെന്ന് വാർത്താസമ്മേളനങ്ങളിലൂടെ ആവർത്തിച്ച് മുഖ്യമന്ത്രി നാടിന്റെ ആത്മവിശ്വാസമുയർത്തുന്നു. പതിവുപോലെ ആഘോഷങ്ങളില്ലാതെയായിരിക്കും ഇക്കുറിയും പിണറായിയുടെ ജന്മദിനം. കൊവിഡ് കാലമായതിനാൽ പ്രത്യേകിച്ചും.

ഔദ്യോഗിക രേഖകളിൽ മാർച്ച് 24 ആയിരുന്നു പിണറായിയുടെ ജന്മദിനം. എന്നാൽ തന്റെ യഥാർത്ഥ ജന്മദിനം മെയ് 23ന് ആണെന്ന് വെളിപ്പെടുത്തിയത് നാല് വർഷം മുൻപാണ്. മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നതിന്റെ തൊട്ടുതലേന്ന് എകെജി സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആയിരുന്നു വെളിപ്പെടുത്തൽ. പതിനഞ്ച് വർഷത്തിലേറെ സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു പിണറായി. ചിരിക്കാൻ പിശുക്കുള്ള നേതാവിൽ നിന്നു മുഖ്യമന്ത്രിയായപ്പോൾ അൽപം മയപ്പെട്ടിട്ടുണ്ടെന്നു മാത്രം. ഒന്നിലും കുലുങ്ങാത്ത ആ പ്രകൃതത്തിന് മാറ്റമുണ്ടായിട്ടില്ല.

COMMENT ON NEWS

Please enter your comment!
Please enter your name here