തിരുവനന്തപുരം : കോവിഡ് 19 പ്രതിരോധത്തിൻ്റെ ആദ്യ ഒന്നും രണ്ടും ഘട്ടങ്ങളിലൂടെ വിജയകരമായി കടുന്നുപോയ കേരളം ഏറ്റവും നിര്‍ണായകഘട്ടത്തിലൂടെ കടന്നുപോകുകയാണ്. ലോകഡൗണില്‍ കാര്യമായ ഇളവ് വരുകയും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടാകുകയും ചെയ്തതോടെയാണ് കേരളത്തിന്റെ മുന്നിലുള്ള വെല്ലുവിളി വര്‍ധിച്ചത്. ദേശീയ തലത്തിനെക്കാള്‍ ലോക്ഡൗണ്‍ ഏറ്റവും കൂടുതല്‍ ഫലപ്രദമായ പ്രദേശം കേരളമായിരുന്നു. എന്നാല്‍ ഇനിയുള്ള ദിവസങ്ങളിലെ രോഗ വ്യാപനം സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ക്ക് അനുസരിച്ച് നിര്‍ത്തുകയെന്നതാണ് പ്രധാനം. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് സംസ്ഥാനത്ത് 200 പുതിയ രോഗികളാണ് ഉണ്ടായത്.

ADVERTISEMENT

ഇന്നലെ മാത്രം സംസ്ഥാനത്ത് 42 പുതിയ രോഗികളാണ് ഉണ്ടായത്. അതായത് കോവിഡിന്റെ ആദ്യഘട്ടത്തില്‍ മാത്രമാണ് കേരളത്തില്‍ ഇത്രയധികം ആളുകള്‍ക്ക് രോഗം ഉണ്ടായത്. മാര്‍ച്ച് 27 ന് 39 പേര്‍ക്കാണ് രോഗം ബാധിച്ചത്. അത് ലോകഡൗണിന്റെ ആദ്യ ഘട്ടമായിരുന്നു. പിന്നീട് ശക്തമായ നിരീക്ഷണത്തിലുടെയും അടച്ചിടിലിലൂടെയുമാണ് സംസ്ഥാനം രോഗബാധയെ ചെറുത്തത്. ഈ മാസം തുടക്കത്തില്‍ പുതുതായി രോഗികളില്ലാത്ത നിരവധി ദിവസങ്ങളുണ്ടായി. മെയ് ഒന്ന്, മൂന്ന് നാല്, ആറ് ഏഴ് തീയതികളില്‍ കേരളത്തില്‍ പുതുതായി രോഗികളുണ്ടായിരുന്നില്ല. എട്ടാം തീയതി ഒരാള്‍ക്കാണ് പുതുതായി രോഗം ബാധിച്ചതായി കണ്ടെത്തിയത്. അന്ന് 16 പേരാണ് സംസ്ഥാനത്ത് ചികില്‍സയിലുണ്ടായിരുന്നത്.
കേരളം അധികം വൈകാതെ കോവിഡ് മുക്തമാകുമെന്ന പ്രതീക്ഷ പോലും ആ ഘട്ടത്തില്‍ ചിലര്‍ക്കുണ്ടായി.എന്നാല്‍ മറ്റ് പ്രദേശങ്ങളിലെ മലയാളികള്‍ നാട്ടിലെത്തുമ്പോള്‍ സ്ഥിതിഗതികള്‍ മാറുമെന്ന കരുതലില്‍ മുന്‍കരുതാലോടെയാണ് സര്‍ക്കാര്‍ നീങ്ങിയത്. അതുകൊണ്ടാണ് നടപടി ക്രമങ്ങള്‍ അനുസരി്ച്ച് മാത്രം അതിര്‍ത്തികളില്‍നിന്ന് ആളുകളെ കയറ്റിവിട്ടത്.
ഈ മുന്‍കരുതല്‍ എടുത്തതിന് ശേഷമാണ് രോഗികളുടെ എണ്ണത്തില്‍ ഇത്രയധികം വര്‍ധന ഉണ്ടായത്.
പിന്നീട് മെയ് 13 മുതലാണ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചു തുടങ്ങിയത്. മെയ് 14 ന് 26 പുതിയ രോഗികളുണ്ടായി. അതാണ് ഇന്നലെ വര്‍ധിച്ച് 42 ആയത്.
16 രോഗികള്‍ ചികില്‍സിയിലുണ്ടായിരുന്ന അവസ്ഥയില്‍നിന്നാണ് ഇപ്പോള്‍ 216 പേര്‍ ചികില്‍സയിലാകുന്ന അവസ്ഥയിലേക്ക് കേരളം എത്തിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്കകം സംസ്ഥാനത്ത് 200 രോഗികകളാണ് കൂടുതലായത്.
ഇന്നലെത്തെ കണക്കനുസരിച്ച് രാജ്യത്ത് കോവിഡ് ബാധ ഏറ്റവും കൂടുതല്‍ രൂക്ഷമായ മഹാരാഷ്ട്രയില്‍നിന്നെത്തിയവര്‍ക്കാണ് കൂടുതല്‍ രോഗ ബാധിച്ചത്. മഹാരാഷ്ട്രയില്‍നിന്നെത്തിയ 17 പേര്‍ക്കാണ് രോഗം ബാധിച്ചതായി ഇന്നലെ മാത്രം സ്ഥിരീകരീച്ചത്.
കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 78,096 പേരാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. ഇവരില്‍ 152 പേര്‍ക്കാണ് കോവിഡ് 19 ഉണ്ടെന്ന് സ്ഥിരീകരിച്ചത്. രോഗ ബാധിതരുടെ ശതാമാനം ആകെ എത്തിയവരില്‍ വളരെ കുറവാണെങ്കിലും കേരളത്തില്‍ കോവിഡിന്റെ മൂന്നാം വരവിന് തുടക്കം കുറിച്ചത് മറ്റു പ്രദേശങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ തിരിച്ചെത്തുന്നതാണെന്ന കാര്യം വ്യക്തമാണ് .

വിദേശത്തുനിന്ന് എത്തുന്നവരിലാണ് രോഗികളുടെ എണ്ണം കൂടുതലെന്നാണ് കണക്കാക്കുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നായി 7100 പേര്‍ കേരളത്തിലെത്തിയെന്നാണ് കണക്കാക്കുന്നത്. ഇവരില്‍ 85 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. അതേസമയം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് 70,980 പേര്‍ രണ്ട് ദിവസം മുമ്പിലത്തെ കണക്കനുസരിച്ച് കേരളത്തില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ 65 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇന്നലത്തെ കണക്ക് ഇതിന് പുറമെയാണ്. ഇങ്ങനെ നാട്ടിലെത്തിയവരില്‍ ഏറെയും റെഡ് സോണ്‍ ജില്ലകളില്‍നിന്നാണ്. രോഗലക്ഷണം കാണിക്കാത്തവരിലും രോഗം ഉള്ളതായി കണ്ടെത്തുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. എന്നാല്‍ സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നത് സംസ്ഥാനത്ത് കുറവാണെന്നതാണ് സമീപകാലത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇനിയുള്ള ദിവസങ്ങളിലും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ആളുകള്‍ കൂടുതലായി കേരളത്തിലെത്തും തിങ്കളാഴ്ച വ്യോമ ഗതാഗതം ആരംഭിക്കുന്നു. അടുത്ത മാസം ഒന്നുമുതല്‍ ട്രെയിന്‍ ഗതാഗതവും വര്‍ധിക്കും. ഇവരില്‍നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാതെ വിധം അവരെ നിരീക്ഷണത്തിലാക്കാനും കഴിയുന്നതിന് അനുസരിച്ചായിരിക്കും കേരളത്തിന് എത്ര ഫലപ്രദമായി കോവിഡിനെ നേരിടാന്‍ കഴിയുന്നുവെന്ന കാര്യം നിര്‍ണയിക്കപ്പെടുക. ലോക്ഡൗണില്‍ ഇളവ് വരുത്തിയതിനാല്‍ ഇത് വലിയ വെല്ലുവിളിയാണ് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന് മുന്നില്‍ സൃഷ്ടിക്കുന്നത്.

COMMENT ON NEWS

Please enter your comment!
Please enter your name here