ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതി – അർഹതയുള്ള ഗുണഭോക്താക്കളെ ഉൾപ്പെടുത്തും

32

:

തിരുവനന്ദപുരം: റേഷൻ കാർഡ് ഇല്ലായെന്ന കാരണത്താൽ ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട അർഹതയുള്ള ഗുണഭോക്താക്കളെ ഉൾപ്പെടുത്തി ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക പുതുക്കാൻ സർക്കാർ തീരുമാനിച്ചു. 2020 മാർച്ച് 31 വരെ പുതുതായി റേഷൻ കാർഡ് ലഭിച്ച അർഹതയുള്ളവരെയായിരിക്കും ഇപ്രകാരം ഉൾപ്പെടുത്തുക. ബഹു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ മിഷന്റെ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. ഇതിനായി രണ്ടായിരത്തി പതിനേഴിൽ കുടുംബശ്രീ മുഖേന നടത്തിയ സർവേയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള മാർഗ്ഗരേഖക്ക് യോഗം അംഗീകാരം നൽകി. ഭവന സമുച്ചയങ്ങളുടെ നിർമ്മാണത്തിനായി 500 കോടി രൂപ കൂടി ലോൺ എടുക്കുന്നതിനും യോഗം തീരുമാനിച്ചു.
ഭവന സമുച്ചയ നിർമ്മാണം, ഭവന നിർമ്മാണത്തിന് ഭൂമി ലഭ്യമാക്കി ഭവന സമുച്ചയം / ഭവനങ്ങൾ സ്വന്തമായോ പാർട്ട്ണർഷിപ്പ് , സ്പോൺസർഷിപ്പ് വ്യവസ്ഥയിലോ നിർമ്മിക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതിനുള്ള മാർഗ്ഗരേഖക്ക് യോഗം അംഗീകാരം നൽകി.

പട്ടികജാതി, പട്ടിക വർഗ്ഗ, മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട ഭൂമിയുള്ളതും ഇല്ലാത്തതുമായ ഗുണഭോക്താക്കളുടെ പട്ടിക അതതു വകുപ്പുകൾ മിഷനു കൈമാറിയിട്ടുണ്ട്. ഈ പട്ടികകൾ അർഹതാ പരിശോധന നടത്തി ജൂൺ 15 നകം അന്തിമമാക്കുന്നതാണ്. ഭൂമിയില്ലാത്ത ഭവനരഹിതരുടെ പുനരധിവാസത്തിനായി നിർമ്മാണം ആരംഭിച്ചതും ആരംഭിക്കാനിരിക്കുന്നതുമായ എല്ലാ പദ്ധതികളും 2021 ഫെബ്രുവരി മാസത്തിനു മുൻപായി പൂർത്തീകരിക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിദൂര സങ്കേതങ്ങളിൽ താമസിക്കുന്ന പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട ഭൂമിയുള്ള ഭവന രഹിതരായ ഗുണഭോക്താക്കൾക്ക് സംസ്ഥാന വിഹിതമായ നൽകുന്ന മൂന്ന് ലക്ഷം രൂപ ഓൺലൈൻ സങ്കേതമുപയോഗിച്ച് നൽകുന്നതിനും തീരുമാനമെടുത്തു.