മുംബൈയിൽ കോവിഡ് രോഗബാധിതർ 25000 കടന്നു. ഡൽഹി മഹാരാജ അഗ്രസൻ ആശുപത്രിയിൽ മലയാളി നഴ്സിന് കോവിഡ് സ്ഥിരീകരിച്ചു. അടച്ചുപൂട്ടൽ നിർദേശങ്ങൾ സംസ്ഥാനങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പതിനയ്യായിരം കടന്നു. മരണം 3500 കവിഞ്ഞു. ആശങ്കപ്പെടുത്തുന്നതാണ് പ്രധാന നഗരങ്ങളിലെ റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 2345 പുതിയ കേസും 64 മരണവും റിപ്പോർട്ട് ചെയ്തതോടെ രോഗബാധിതർ 41642ഉം മരണം 1454ഉം കടന്നു. മുംബൈയിൽ 1382 പുതിയ കേസും 41 മരണവും റിപ്പോർട്ട് ചെയ്തു. ധാരാവിയിൽ രോഗബാധിതർ 1425 ആയി. 571 പുതിയ കേസുകൾ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തു. പ്രതിദിനം രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഇതോടെ രോഗബാധിതർ 11659ഉം മരണം 194ഉം കവിഞ്ഞു.

ADVERTISEMENT

7 പോലീസ് ഉദ്യോഗസ്ഥർക്കും മഹാരാജ അഗ്രസൻ ആശുപത്രിയിലെ മലയാളി നഴ്സിനും രോഗം സ്ഥിരീകരിച്ചു. ഗുജറാത്തിൽ 371ഉം മധ്യപ്രദേശിൽ 248ഉം യുപിയിൽ 360ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗവ്യാപനത്തിന് ഒപ്പം രോഗമുക്തി നിരക്ക് കൂടുന്നു എന്നാണ് ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നത്. 40.26% പേർ രോഗമുക്തരായി. 300ന് താഴെ മാത്രമാണ് വെൻറിലേറ്ററിൽ ഉള്ളവരെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.അതേസമയം സംസ്ഥാനങ്ങൾ അടച്ചുപൂട്ടൽ നിർദ്ദേശങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

ദക്ഷിണേന്ത്യയില്‍ രോഗവ്യാപനവും മരണവും കൂടുന്നു

ലോക്ഡൌണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സാധാരണ നിലയിലേക്ക് ജനജീവിതം എത്തുന്നതിനിടെ ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ രോഗവ്യാപനവും മരണവും തുടരുന്നു. ഇന്നലെ മാത്രം മൂന്ന് സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് 13 മരണങ്ങളാണ്. അഞ്ച് സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം 19899 ആയി. തമിഴ്നാട്ടില്‍ ഏഴ് പേരും തെലങ്കാനയില്‍ അഞ്ച് പേരും ആന്ധ്രയില്‍ ഒരാളുമാണ് ഇന്നലെ മരിച്ചത്. നാല് സംസ്ഥാനങ്ങളിലെ മരണസംഖ്യ 234 ആണ്. രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും മുന്നില്‍ നില്‍ക്കുന്നത് തമിഴ്നാട് തന്നെ. ഇന്നലെ 776 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം 13967 ആയി. ചെന്നൈയില്‍ മാത്രം 567 പേര്‍ക്ക് രോഗം കണ്ടെത്തി. 94 ആണ് സംസ്ഥാനത്തെ മരണസംഖ്യ. രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീടുകള്‍ കയറി വിവര ശേഖരണവും പരിശോധനയും നടത്താനുള്ള തയ്യാറെടുപ്പും സര്‍ക്കാര്‍ നടത്തുന്നുണ്ട്.

തെലങ്കാനയും രൂക്ഷമായ പ്രതിസന്ധിയിലേക്കാണ് പോകുന്നത്. ഇന്നലെ 38 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ അഞ്ച് പേരാണ് മരിച്ചത്. ലോക്ഡൌണില്‍ കാര്യമായ ഇളവുകള്‍ നല്‍കാതെയാണ് സംസ്ഥാനം രോഗത്തെ പ്രതിരോധിക്കുന്നത്. ഹൈദരാബാദിലാണ് കൂടുതല്‍ രോഗികളും മരണവും സംഭവിച്ചത്. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1699 ആണ്. മരണ സംഖ്യ 45 ആയി ഉയര്‍ന്നു. ആന്ധ്ര പ്രദേശില്‍ ഇന്നലെ ഒരാള്‍ കൂടി മരിച്ചു. 45 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. രോഗബാധിതര്‍ 2605 ആയി. 54 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയിലും പ്രതിസന്ധി രൂക്ഷമാവുകയാണ്. മൂന്ന് ദിവസത്തിനിടെ രണ്ട് തവണയാണ് രോഗികളുടെ എണ്ണം നൂറിന് മുകളില്‍ എത്തിയത്. 143 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 1605 ആയി. 41 ആണ് സംസ്ഥാനത്തെ മരണസംഖ്യ. മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ എത്തിത്തുടങ്ങിയതോടെയാണ് രോഗവ്യാപനമുണ്ടായത്. മഹാരാഷ്ട്രയില്‍ നിന്നെത്തിയവര്‍ക്കാണ് കൂടുതലായും രോഗബാധ കണ്ടെത്തിയത്. റാന്‍ഡം ടെസ്റ്റ് നടത്തി വേഗത്തില്‍ രോഗബാധിതരെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. 23 പേര്‍ക്കാണ് പുതുച്ചേരിയില്‍ രോഗം ബാധിച്ചത്.

COMMENT ON NEWS

Please enter your comment!
Please enter your name here