ഫേസ് ബുക്ക് ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈലുകൾ ലോക്ക് ചെയ്യാനും സുഹൃത്തുക്കൾ അല്ലാത്തവർ ഫോട്ടോകളും പോസ്റ്റുകളും കാണുന്നത് ഒഴിവാക്കാനുമായി പുതിയ ഫീച്ചർ. പ്രൊഫൈൽ പിക്ചർ ഗാർഡിന്റെ പിൻഗാമിയെന്നോണമാണ് പുതിയ പ്രോഫൈൽ ലോക്ക് സംവിധാനം ഫേസ്ബുക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ അടുത്തയാഴ്ച തന്നെ എല്ലാ ഉപയോക്താക്കൾക്കും ഈ സൗകര്യം ലഭ്യമാകും.

സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്താണ് പുതിയ ഫീച്ചർ അവതരിപ്പിച്ചതെങ്കിലും എല്ലാ ഉപയോക്താക്കൾക്കും ഇത് പ്രയോജനപ്പെടുത്താനാവും. ഉപയോക്താക്കളുടെ അഭിപ്രായം സ്വീകരിച്ചാണ് പ്രോഫൈൽ ലോക്ക് ഒരുക്കിയിട്ടുള്ളതെന്ന് ഫേസ് ബുക്ക് പ്രൊഡക്റ്റ് മാനേജർ റോക്‌സ്‌ന ഇറാനി പറഞ്ഞു. ‘പങ്കുവെക്കുന്ന ചിത്രങ്ങൾ ആരെങ്കിലും ഡൗൺലോഡ് ചെയ്ത് ഷെയർ ചെയ്യുമോ എന്ന് സ്ത്രീകൾ ഭയപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങൾ ഞങ്ങൾ ആദ്യം ആരംഭിച്ചത് പ്രൊഫൈലിൽ ചിത്രങ്ങളുടെ സംരക്ഷണമാണ്. എന്നാൽ സംരക്ഷണം പ്രൊഫൈൽ ചിത്രത്തിന് മാത്രം പോര എന്ന് ഞങ്ങൾ മനസിലാക്കുന്നു. ഫേസ്ബുക്ക് പ്രൊഡക്റ്റ് മാനേജർ റോക്‌സ്‌ന ഇറാനി പറഞ്ഞു.

പ്രൊഫൈൽ പേജിലെ മോർ ഓപ്ഷനിൽ പ്രൊഫൈൽ ലോക്ക് ചെയ്യാനുള്ള ഓപ്ഷനുണ്ടാവും. പ്രൊഫൈൽ ലോക്ക് ചെയ്താൽ മറ്റുള്ളവർക്ക് അയാളുടെ പ്രൊഫൈൽ ചിത്രവും പ്രൊഫൈൽ ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന ബാഡ്ജും മാത്രമേ കാണാൻ കഴിയു. പ്രൊഫൈൽ ലോക്ക് ഓൺ ചെയ്ത് കഴിഞ്ഞാൽ പബ്ലിക്ക് പോസ്റ്റുകൾ ഇടാൻ സാധിക്കില്ല. എന്നാൽ, ടാഗ് ചെയ്യാൻ സാധിക്കും. അതേസമയം, പോസ്റ്റുകൾ ടൈംലൈനിൽ കാണില്ല.

LEAVE A REPLY

Please enter your comment!
Please enter your name here