ഗള്‍ഫില്‍ ഇന്നലെ കോവിഡ് ബാധിച്ച് ഏഴ് മലയാളികള്‍ മരിച്ചു. മരിച്ചവരിൽ ഏറെയും യുവാക്കളാണ്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 100 കടന്നു. ആറ് മരണവും യു.എ.ഇയിലാണ്. ഒരാൾ കുവൈത്തിലും. മലപ്പുറം പെരുമ്പടന്ന പാലപ്പെട്ടി ആശുപത്രിക്ക് സമീപം കാക്കനാട് ഖാലിദിന്‍റെ മകന്‍ ത്വാഹ, കാസർകോട് ഉടുമ്പുന്തല സ്വദേശി ഒറ്റതയ്യിൽ മുഹമ്മദ് അസ്‍ലം, മാള പുത്തൻചിറ പിണ്ടാണിക്കുന്ന് പരേതനായ പുതിയേടത്ത് ചാത്തുണ്ണിയുടെ മകൻ ഉണ്ണികൃഷ്ണൻ, കോഴിക്കോട് വടകരക്ക് സമീപം തിരുവള്ളൂർ ചാലിക്കണ്ടി വെള്ളൂക്കര റോഡിലെ ഉണ്ണ്യേച്ച്കണ്ടി അബ്ദുറഹ്മാൻ, കൊണ്ടോട്ടി പുളിക്കൽ കൊട്ടപ്പുറം കൊടികുത്തി പറമ്പ് റഫീക്, ആലപ്പുഴ വണ്ടാനം വഞ്ചിക്കൽ മാതാ നിലയത്തിൽ ജോബ് – സി.ജെ മേരിക്കുട്ടി ദമ്പതികളുടെ മകൻ ജോഫി ബി ജോബ് എന്നിവരാണ് യു.എ.ഇയിൽ മരിച്ചത്. 10 വര്‍ഷമായി ഷാര്‍ജ നാഷനല്‍ പെയിൻറ്സിന് സമീപം മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്ന ത്വാഹ റാസല്‍ഖൈമയിലാണ് മരിച്ചത്. 32 വയസുണ്ട്. ഖബറടക്കം റാസല്‍ഖൈമയില്‍ നടന്നു. ദുബൈയിലെ സ്വകാര്യ സ്ഥാപനത്തിൽ പി.ആർ.ഒ ആയിരുന്നു കാസർകോട് സ്വദേശി മുഹമ്മദ് അസ്ലം. വയസ് 32. മാള സ്വദേശി ഉണ്ണികൃഷ്ണൻ ഷാർജയിലാണ് മരിച്ചത്. 55 വയസുണ്ട്.

വടകര സ്വദേശി അബ്ദുറഹ്മാൻ അബൂദബിയിലാണ് മരിച്ചത്. 59 വയസ്. കൊണ്ടോട്ടി പുളിക്കൽ സ്വദേശിയും 40കാരനുമായ റഫീഖ് ദുബൈയിലാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശിയും 40കാരനുമായ ജോഫി ബി ജോബ് ദുബൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരനാണ്.തിരുവനന്തപുരം വെങ്ങാനൂർ പീച്ചോട്ടുകോണം സ്വദേശി സുകുമാരൻ മാനുവലാണ് കുവൈത്തിൽ മരിച്ചത്. 54 വയസുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here