തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 ബാധയുടെ മൂന്നാം ഘട്ടത്തില്‍ രോഗികളുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യത. ഇതിനനുസരിച്ചുള്ള നടപടികളാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നത്. രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നും കൂടുതല്‍ പേര് എത്തുന്നതാണ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കാന്‍ കാരണം. എന്നാല്‍ മുന്നാം ഘട്ടത്തിലും സമ്പര്‍ക്കത്തിലുടെ രോഗം പടരുന്നത് പരമാവധി കുറയുന്നത് ആശ്വാസമാണ്. ഇന്നലെ സംസ്ഥാനത്ത് 24 പേര്‍ക്കാണ് രോഗം സ്ഥീരീകരിച്ചത്. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ആരിലേക്കും പടര്‍ന്നിട്ടില്ല. ഇത് സംസ്ഥാനത്തെ ലോക്ഡൗണ്‍ രാജ്യത്തെ മറ്റ് പ്രദേശങ്ങളിലേക്കാള്‍ ഫലപ്രദമാണെന്നാണ് കാണിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ 177 പേരാണ് ചികില്‍സയിലുള്ളത്. ഇതില്‍ ഒരു വലിയ വിഭാഗം മറ്റിടങ്ങളില്‍നിന്ന് നാട്ടിലേക്ക് എത്തിയവരാണ്.
ഇതുവരെ സംസ്ഥാനത്ത് 78,096 പേരാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. ഇവരില്‍ 152 പേര്‍ക്കാണ് കോവിഡ് 19 ഉണ്ടെന്ന് സ്ഥിരീകരിച്ചത്. രോഗ ബാധിതരുടെ ശതാമാനം ആകെ എത്തിയവരില്‍ വളരെ കുറവാണെങ്കിലും കേരളത്തില്‍ കോവിഡിന്റെ മൂന്നാം വരവിന് തുടക്കം കുറിച്ചത് മറ്റു പ്രദേശങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ തിരിച്ചെത്തുന്നതാണ്. അത്തരം രോഗികളുടെ എണ്ണം വരും ദിവസങ്ങളില്‍ വീണ്ടും വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. വിമാന ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ നാട്ടിലേക്കുള്ള ആളുകളുടെ വരവ് കൂടും.
വിദേശത്തുനിന്ന് എത്തുന്നവരിലാണ് രോഗികളുടെ എണ്ണം കൂടുതലെന്നാണ് കണക്കാക്കുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നായി 7100 പേര് കേരളത്തിലെത്തിയെന്നാണ് കണക്കാക്കുന്നത്. ഇവരില്‍ 85 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. അതേസമയം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് 70,980 പേര് ഇതിനകം കേരളത്തില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ 65 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇങ്ങനെ നാട്ടിലെത്തിയവരില്‍ ഏറെയും റെഡ് സോണ്‍ ജില്ലകളില്‍നിന്നാണ്. രോഗലക്ഷണം കാണിക്കാത്തവരിലും രോഗം ഉള്ളതായി കണ്ടെത്തുന്നത് ആശങ്കയുണ്ടാക്കുന്നതാണ്.
എന്നാല്‍ സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നത് സംസ്ഥാനത്ത് കുറവാണെന്നതാണ് സമീപകാലത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സമീപ ആഴ്ചകളില്‍ കേരളത്തില്‍ രോഗികളായി കണ്ടെത്തിയ 167 പേരില്‍ 15 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നത്. ഇത് കേരളത്തില്‍ അടച്ചിടല്‍ ഫലപ്രദമാണെന്നതിന്റെ സൂചന കൂടിയാണ്. രാജ്യത്തെ മറ്റിടങ്ങളില്‍ സ്ഥിതി വ്യത്യാസമാണ്. ലോക്ഡൗണ്‍ കാലത്തും രോഗികളുടെ എണ്ണം ക്രമാതീതമായാണ് രാജ്യത്തെ മറ്റിടങ്ങളില്‍ കൂടുന്നത്. എന്നാല്‍ ലോക്ഡൗണില്‍ ഇളവ് വരുത്തിയ സാഹചര്യത്തില്‍ വരും ദിവസങ്ങള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളിലും ജന ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ഈഘട്ടത്തിൽ ആരോഗ്യവകുപ്പിൻറെ നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കുന്നതിന് അനുസരിച്ചായിരിക്കും അടുത്ത ആഴ്ചകളിലെ രോഗ വ്യാപനത്തിൻ്റെ തോത്.