മലയാളത്തിന്റെ അഭിനയ വിസ്മയം മോഹൻലാലിന് ഇന്ന് പിറന്നാൾ. മലയാളികളുടെ ലാലേട്ടന് ഇന്ന് അറുപത് തികയുന്നു. നിരവധി സിനിമകളിലൂടെ ലോകമെമ്പാടും ഉള്ള പ്രേക്ഷകരുടെ മനസിലിടം നേടാൻ മോഹൻലാലിന് സാധിച്ചു. എണ്ണിത്തീരാൻ കഴിയാത്ത അത്രയും അഭിനയത്തിന്റെ മാസ്മരിക മുഹൂർത്തങ്ങളാണ് നാല് പതിറ്റാണ്ടിൽ ഏറെയായി മോഹൻലാൽ പ്രേക്ഷകർക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.

ADVERTISEMENT

നാല് ദേശീയ പുരസ്കാരങ്ങൾ, ഒൻപത് സംസ്ഥാന പുരസ്കാരങ്ങൾ, പത്മശ്രീ, പത്മഭൂഷൺ അങ്ങനെ ഒട്ടനവധി നേട്ടങ്ങളാണ് നാലു പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിലൂടെ അഭിനയ രാജാവിനെ തേടിയെത്തിയത് . പുരസ്കാരങ്ങൾക്ക് അതീതമാണ് മോഹൻലാലിന്റെ അഭിനയ നടന ശൈലി, മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹൻലാൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മലയാള സിനിമാ ലോകവും ലോകമെമ്പാടുമുള്ള മലയാളി സമൂഹവും താരത്തിന് പിറന്നാൾ ആശംസ നേർന്നുകൊണ്ടിരിക്കുകയാണ്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ അഭിനേതാവ് ഇന്ത്യയിലെ ഇതര ഭാഷകളിലും നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി, അവിടെയുള്ള ആളുകൾക്കും രോമാഞ്ചം ഉണർത്തുന്ന മുഹൂർത്തങ്ങൾ മോഹന്‍ലാല്‍ വെള്ളിത്തിരയിൽ സമ്മാനിച്ചു. ആക്ഷൻ രംഗങ്ങളായാലും റൊമാന്റിക് രംഗങ്ങളായാലും ഇമോഷണൽ സീനുകളായാലും മോഹൻലാലിന് പകരം വയ്ക്കാന്‍ മലയാള സിനിമയിൽ ആരുമില്ല. ഇന്ത്യൻ സിനിമയിലെ തന്നെ കഴിവുറ്റ നടന്മാരിൽ പ്രമുഖ നിരയിലാണ് മോഹൻലാലിന്റെ സ്ഥാനം.

ലോക്ക് ഡൗൺ ആയതിനാൽ പിറന്നാളിന് വലിയ ആഘോഷങ്ങളൊന്നും ഇല്ല മലയാളത്തിന്റെ പ്രിയപ്പെട്ട ലാലേട്ടന്. ചെന്നൈയിലെ വീട്ടിൽ ഭാര്യ സുചിത്രക്കും മകൻ പ്രണവിനുമൊപ്പമാണ് മോഹൻലാൽ പിറന്നാൾ ആഘോഷിക്കുന്നത്. മകൾ വിസ്മയ പുറംരാജ്യത്താണ്. രണ്ട് മാസത്തോളമായി ചെന്നൈയിൽ തന്നെയാണ് മോഹൻലാൽ. അമ്മ ശാന്തകുമാരിയുടെ ഒപ്പം പിറന്നാൾ ആഘോഷിക്കാൻ വിചാരിച്ചുവെങ്കിലും മോഹൻലാലിന് അമ്മയ്ക്ക് അടുത്തേക്ക്, കൊച്ചിയിൽ എത്താൻ സാധിച്ചില്ല.

പത്തനംതിട്ടയിലെ ഇലന്തൂരിൽ 1960 മെയ് 21-നാണ് വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും മകനായി മോഹൻ ലാലിന്റെ ജനനം. മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള ഒരു ചെറിയ സ്കൂളിലാണ് മോഹൻലാൽ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. പ്രിയദർശൻ, എം.ജി. ശ്രീകുമാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികൾ ആയിരുന്നു. ഈ സൗഹൃദം അദ്ദേഹത്തെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്.

തിരനോട്ടം (ചലച്ചിത്രം1978) എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി അഭിനയിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്. ഒരു ഹാസ്യകഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. എന്നാൽ സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. ഫാസിൽ സംവിധാനം ചെയ്ത ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെയാണ് മോഹൻലാൽ പ്രേക്ഷകർക്ക് മുൻപിൽ ആദ്യമായി എത്തുന്നത്. പൂർണിമ ജയറാം, ശങ്കർ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രത്തിൽ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. 1980-90കളിലെ ചലച്ചിത്ര വേഷങ്ങളിലൂടെയാണ് മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. പിന്നീട് നായകനും സഹനടനും വില്ലനുമായി വെള്ളിത്തിരയിൽ തിളക്കമാർന്ന പ്രകടനം കാഴ്ച വച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ സൂപ്പർതാര പദവിയിലേക്ക് ഉയരുന്നത്

കണ്ണന്റെ അനുഗ്രഹം വാങ്ങാന്‍ മോഹന്‍ലാല്‍ ഗുരുവായൂർ സന്നിധിയില്‍

പത്മശ്രീ മോഹൻലാൽ ഗുരുവായൂർ ക്ഷേത്ര ദർശനത്തിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ് വി.  ശിശിർ നോടും മെമ്പർ പ്രശാന്തും (file photo)

ഷൂട്ടിങ് തിരക്കുകൾക്കിടയിൽ ഗുരുവായൂരെത്തി കണ്ണനെ തൊഴാറുണ്ട് മോഹൻലാൽ. ലാൽ തികഞ്ഞൊരു കൃഷ്ണ ഭക്തനാണ്.

ക്ഷേത്രത്തിൽ തുലാഭാരം വഴിപാട് നടത്തിയപ്പോൾ (file photo)

ലോകം മുഴുവൻ കോവിഡ് ഭീതിയിൽ നിശ്ചലാവസ്ഥയിൽ നിൽക്കുമ്പോൾ വേണ്ടപ്പെട്ടവരെ വിളിക്കുന്ന കൂട്ടത്തിൽ ഗുരുവായൂരിലെ വിശേഷങ്ങൾ അറിയാൻ സാമൂഹിക പ്രവർത്തകൻ ബാബുവിനെ ഏതാനും ദിവസങ്ങൾക്കു മുൻപ് മോഹൻലാൽ വിളിച്ചിരുന്നു. ഗുരുവായൂരിൽ എത്തുമ്പോൾ എപ്പോഴും കൂടെ ഉണ്ടാകുന്ന ബാബുരാജിന്, അപ്രതീക്ഷിതമായി വന്ന മോഹൻലാലിൻ്റെ ഫോൺ വിളി ഏറെ ആശ്വര്യപെട്ടു എന്ന് പറഞ്ഞു.

സാമൂഹ്യ പ്രവർത്തകൻ ബാബു ഗുരുവായൂരിനോടൊത്ത് (file photo)

കേരളാ മുഖ്യമന്ത്രി പിണറായി വിജയനും അഭിനയ കുലപതിക്ക് പിറന്നാൾ ആശംസകൾ നേർന്നു. മോഹൻലാലിന് ആയുരാരോഗ്യ സൗഖ്യം നേരുന്നുവെന്നും മുഖ്യമന്ത്രി ആശംസ സന്ദേശത്തിൽ പറഞ്ഞു. ആപത് ഘട്ടത്തിൽ സഹജീവികളെ സഹായിക്കാനും മടിക്കാറില്ല മലയാളത്തിന്റെ ലാലേട്ടൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ താരം സംഭാവന നൽകിയിരുന്നു.

കേരളാ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം

അടുത്തതായി മോഹൻലാലിന്റെതായി പ്രഖ്യാപിക്കപ്പെട്ടത് ദൃശ്യം സിനിമയുടെ രണ്ടാം ഭാഗമാണ്. ദൃശ്യത്തിന്റെ ആദ്യ ഭാഗം സൂപ്പർ ഹിറ്റായിരുന്നു. സംവിധായകൻ ജിത്തു ജോസഫും മോഹൻലാലും സിനിമയിലൂടെ വീണ്ടും ഒന്നിക്കുകയാണ്. താരത്തിന്റെ ഇനിയുള്ള സിനിമകൾക്കായും പ്രേക്ഷകർ കണ്ണും നട്ടുകാത്തിരിക്കുന്നു…..

‘ദൃശ്യം 2’ അനൗൺസ്മെന്റ് വീഡിയോ

പത്മശ്രീ മോഹൻലാലിന് ‘ഗുരുവായൂർ ഓൺലൈൻ” പിറന്നാൾ ആശംസകൾ നേരുന്നു……..ഹാപ്പി ബർത്ത് ഡേ ലാലേട്ടാ…..

COMMENT ON NEWS

Please enter your comment!
Please enter your name here