ബെവ്ക്യൂ ആപ്പ് വൈകും; മദ്യവിതരണത്തിന് ഇനിയും കാത്തിരിക്കണം

തിരുവനന്തപുരം: മദ്യ വിൽപ്പനയ്ക്കുള്ള വിർച്ച്വൽ ക്യൂ ആപ്പായ ബെവ്ക്യൂ വൈകും. ഗൂഗിളിന്റെ സുരക്ഷാ അനുമതി ലഭിക്കാത്തതാണ് ആപ്പ് ഉപഭോക്താക്കളിലേക്ക് എത്തുന്നത് വൈകാൻ കാരണം. പ്രശ്‌നം പരിഹരിക്കാൻ കമ്പനിക്ക് ഗൂഗിൾ നിർദേശം നൽകിയിട്ടുണ്ട്. മൊബൈൽ ആപ്പ് പ്ലേ സ്റ്റോറിൽ സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് ഗൂഗിൾ അധികൃതർ ആപ്പിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയത്. ലോഡ് ടെസ്റ്റിങ്ങിൽ പ്രശ്‌നമില്ലെന്നാണ് കമ്പനി പറയുന്നത്. സങ്കേതിക തടസ്സം ഉടൻ പരിഹരിക്കുമെന്ന് ബെവ്ക്യൂ വികസിപ്പിച്ച കമ്പനിയായ ഫെയർ കോഡ് അറിയിച്ചിട്ടുണ്ട്. ഇതിന് ശേഷം വീണ്ടും ട്രയൽ റൺ നടത്തും.

വെർച്വൽ ക്യൂ വഴി മദ്യം വിതരണം ചെയ്യാൻ 511 ബാറുകളും 222 ബിയർ, വൈൻ പാർലറുകളും സർക്കാരിനെ താൽപര്യം അറിയിച്ചിട്ടുണ്ട്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാകും വിതരണം. നേരത്തെ ബെവ്‌കോ രാത്രി 9 വരെ പ്രവർത്തിച്ചിരുന്നു. വെർച്വൽ ക്യൂ വഴിയുള്ള മദ്യവിതരണത്തിന്റെ നടത്തിപ്പും പ്രവർത്തനവും ബെവ്‌കോ മാനേജിങ് ഡയറക്ടറുടെ നിയന്ത്രണത്തിലായിരിക്കും. ജനങ്ങൾക്കുള്ള നിർദ്ദേശങ്ങളും മാർഗരേഖയും അദ്ദേഹം തന്നെ തയാറാക്കും. നേരത്തെ വെള്ളിയാഴ്ചയോടെ മദ്യ വിതരണം തുടങ്ങാനാകുമെന്ന പ്രതീക്ഷയിലായിരുന്നു സർക്കാർ. എന്നാൽ ആപ്പിൽ സാങ്കേതിക പ്രശ്‌നം നേരിട്ടതോടെ മദ്യ വിതരണത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും.

guest
0 Comments
Inline Feedbacks
View all comments