അഞ്ച് കോടിയുടെ കുട്ടാടന സമഗ്രപദ്ധതി യഥാര്‍ത്ഥ്യമായി; കുട്ടാടന പാടം കാര്‍ഷിക സമൃദ്ധിയിലേക്ക്

49

ഗുരുവായൂര്‍: കേരള മന്ത്രിസഭയുടം 100 ദിനാഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കുട്ടാടന്‍ സമഗ്രപദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രവരി 25നായിരുന്നു ബഹു കൃഷിവകുപ്പ് മന്ത്രി വിഎസ്. സുനില്‍കുമാര്‍ കുരഞ്ഞിയൂര്‍ കുട്ടാടം പാടത്ത് വെച്ച് പദ്ധതി ഉദ്ഘാടനം നടത്തിയത്. മുന്‍ എംപി സി.എന്‍ ജയദേവന്‍ ധനസഹായവും നല്‍കി. ഒരു കാലത്ത് നല്‍കൃഷിയില്‍ സമൃദ്ധിയായിരുന്നു കുരഞ്ഞിയൂര്‍ കുട്ടാടം പാട ശേഖരം. എന്നാല്‍ കൃഷിയില്‍ നിന്നും ഒരു തലമുറ പുറം തിരിഞ്ഞപ്പോള്‍ മുപ്പത് വര്‍ഷത്തിലേറെയായി ഇവിടം കൃഷി യോഗ്യമല്ലാതെ കിടക്കുകയായിരുന്നു. ചീര വര്‍ഗ്ഗത്തില്‍പ്പെട്ട കിടങ്ങ് വളര്‍ന്ന് ഇവിടെ കാട് പിടിച്ച് കിടക്കുകയായിരുന്നു. ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി, വടക്കേകാട്, പുന്നയൂര്‍ പഞ്ചായത്ത് എന്നിവടങ്ങളിലായി ചേര്‍ന്ന് കിടക്കുന്ന ഏകദേശം 600 ഏക്കര്‍ പാട ശേഖരമാണ് കുട്ടാടന്‍ പാടം.

വിഎസ് അച്യുതാന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് ഇവിടം കൃഷിയോഗ്യമാക്കുവാന്‍ പദ്ധതിയുണ്ടായെങ്കിലും പലകാരണങ്ങളാല്‍ നടന്നില്ല. എന്നാല്‍ കെ.വി. അബ്ദുള്‍ഖാദര്‍ എംഎല്‍എ നിരന്തര ഇടപ്പെടലുകളിലൂടെ കഴിഞ്ഞ മൂന്ന് മാസങ്ങളിലായി പാടം വീണ്ടെടുക്കല്‍ പ്രവര്‍ത്തിയിലാണ്. റൂറല്‍ ഡെവലപ്പ്‌മെന്റ് ഫണ്ടില്‍ നിന്ന് അഞ്ച് കോടി ചെലവഴിച്ചാണ് കുട്ടാടന്‍ പാടം പുനരുജ്ജീവിപ്പിക്കുന്നത്. ജല ലഭ്യത ഉറപ്പാക്കുന്നതിനായി ചെറുതും വലുതുമായി 72ല്‍പ്പരം തോടുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. നിലവില്‍ പാടത്തിന്റെ ഉടമകള്‍ക്ക് കൃഷി ചെയ്യാം അല്ലെങ്കില്‍ കൈത്തോടുകള്‍ ചേരുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കര്‍ഷക കമ്മിറ്റികള്‍ക്ക് രൂപം നല്‍കും. കൂടാതെ കൃഷി വീണ്ടെടുപ്പ് ഉറപ്പാക്കുന്നതിനായി ജനപ്രതിനിധികള്‍, പാടശേഖരസമിതികള്‍, സന്നദ്ധപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി പ്രത്യേകം പരിശീലന പരിപാടി സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. എംഎല്‍എ പറഞ്ഞു.

കുട്ടാടന്‍ പാടത്തെ അനുബന്ധ തോടുകള്‍ ശുചീകരണം, പാടത്തിലൂടെ നടത്തം, കൂടാതെ പാടത്തിന്റെ വിവിധ ശ്രേണികളിലുള്ള തോടുകളുടെ സര്‍വേ ഏതാണ്ട് പൂര്‍ത്തിയായി. പാടം സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലെ തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍ വ്യക്തമായ ചര്‍ച്ച നടത്തി കുട്ടാടന്‍ പാടത്തിന്റെ പുനരുജ്ജീവനത്തെക്കുറിച്ച് വിഷയാവതരണം നടത്തുകയും ചെയ്യും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.