വീട്ടിനകത്തെ മോഹന്‍ലാല്‍ അന്നും ഇന്നും ഒന്ന് തന്നെയാണെന്നും മാറിയിട്ടില്ലെന്നും ഭാര്യ സുചിത്ര. ലോക്ഡൗണ്‍ വന്നതോടെ ജീവിതത്തില്‍ ആദ്യമായാണ് മോഹന്‍ലാല്‍ ഇത്രയേറെ ദിവസം വീട്ടില്‍ നില്‍ക്കുന്നതെന്നും സുചിത്ര പറയുന്നു. അന്നും ഇന്നും മോഹന്‍ലാലിന്റെ വലിയ ഫാനാണ് ഞാന്‍. വിവാഹം കഴിഞ്ഞ ആദ്യ ദിവസങ്ങളില്‍ എനിക്ക് അദ്ദേഹത്തോട് സംസാരിക്കാന്‍ പോലുമായില്ല. ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം തനിക്കുളള ഭക്ഷണം ഉണ്ടാക്കി തരുന്നത് ലാലേട്ടനാണെന്നും സുചിത്ര പറയുന്നു.

സുചിത്രയുടെ വാക്കുകള്‍ ഇങ്ങനെ

എത്രയോകാലം ഇഷ്ടമുളളതെല്ലാം വെച്ച് കാത്തിരുന്ന് ഞാന്‍ ഉറങ്ങിപ്പോയിട്ടുണ്ട്. തിരക്ക് മൂലം പറഞ്ഞ സമയത്ത് വരാനാകില്ല. ഇപ്പോള്‍ രണ്ട് മാസമായി അദ്ദേഹം എനിക്കുളള ഭക്ഷണം ഉണ്ടാക്കിത്തരുന്നു. പല ദിവസങ്ങളിലും യു ട്യൂബില്‍ നോക്കി പാചകം പഠിക്കുന്നതും കാണാം. ലാലേട്ടന് സ്വന്തമായ പാചകരീതികളും രുചികളുമുണ്ട്. എന്റെ കൂട്ടുകാരെല്ലാം അവരുണ്ടാക്കിയ ഭക്ഷണം വാട്‌സാപ്പില്‍ ഇടുമ്പോള്‍ ഞാന്‍ എന്റെ ഭര്‍ത്താവ് ഉണ്ടാക്കിയതാണ് ഇടുന്നത്. ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിട്ടില്ല. കുട്ടികള്‍ക്കും ഇത്രയും സമയം അച്ഛനെ അടുത്ത് കിട്ടിയതിന്റെ സന്തോഷമുണ്ട്. വീട്ടിനകത്തെ മനുഷ്യന്‍ അന്നും ഇന്നും ഒന്ന് തന്നെയാണ്. മാറിയിട്ടില്ല. ഒരു പരാതിയും ഇല്ലാതെ ജീവിക്കുന്ന ഒരാള്‍.

LEAVE A REPLY

Please enter your comment!
Please enter your name here