പത്തുവയസിനു താഴെയുള്ളവരും 65 വയസിന് മുകളിലുള്ളവരും പൊതുസ്ഥലങ്ങളിലും കടകളിലും മറ്റും സന്ദര്‍ശിക്കുന്നതിന് വിലക്ക്

തിരുവനന്തപുരം : പത്തുവയസിനു താഴെയുള്ളവരും 65 വയസിന് മുകളിലുള്ളവരും പൊതുസ്ഥലങ്ങളിലും കടകളിലും മറ്റും സന്ദര്‍ശനം നടത്തുന്നത് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഇങ്ങനെ എത്തുന്നവരെ നിരുത്സാഹപ്പെടുത്താന്‍ കടയുടമകള്‍ തന്നെ മുന്നോട്ട് വരണം. ഇക്കാര്യത്തില്‍ സഹായവും ബോധവത്കരണവും നടത്തുന്നതിന് ജനമൈത്രി പൊലീസ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയ്ക്കകത്ത് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബസില്‍ കയറാന്‍ ജനങ്ങള്‍ തിരക്ക് കൂട്ടുന്നത് ഒഴിവാക്കാനും പൊലീസ് നടപടി സ്വീകരിക്കും.

വീടുകളിലും സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് കണ്ടെത്താന്‍ രൂപീകരിച്ച മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ് സംവിധാനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇത്തരം പരിശോധനകള്‍ക്കായി ജില്ലയില്‍ കുറഞ്ഞത് 25 സംഘങ്ങളെ വീതം നിയോഗിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ക്വാറന്റൈന്‍ ലംഘനം കണ്ടെത്തുക, ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കു, തനിച്ചു കഴിയുന്ന മുതിര്‍ന്ന പൗരന്‍മാരെ സന്ദര്‍ശിച്ച്‌ ക്ഷേമം അന്വേഷിക്കുക എന്നിവയാണ് മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡിന്റെ പ്രധാന ചുമതല. പദ്ധതിയുടെ സംസ്ഥാനതല ഏകോപനത്തിന്റെ ചുമതല ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിക്കാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button