രണ്ടു മാസത്തെ ലോക്ക് ഡൗണിനെ തുടര്‍ന്നുണ്ടാകുന്ന താല്കാലിക ബുദ്ധിമുട്ടുകള്‍ തീര്‍ന്നാല്‍ സംരംഭകര്‍ക്ക് മുന്നിലുള്ളത് നിരവധി സാധ്യതകളാണെന്ന് ഓള് കേരള ടെക്സറ്റൈല്ഡ് ആന്‍ഡ് ഗാര്‍മന്റ്സ് ഡീലേഴ്സ് അസോസിയേഷന് പ്രസിഡന്റും കല്യാണ്‍ സില്‍ക്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ടി എസ് പട്ടാഭിരാമന്. ഈ സമയത്താണ് ലീഡര്‍ഷിപ്പ് ഗുണം കാട്ടേണ്ടത്.
നമ്മുടെ കൂടെയുള്ള ജീവനക്കാരെ കൈവിടരുത്. പത്തും അമ്പതും നൂറും വര്‍ഷം വ്യാപാരം ചെയ്ത പാരമ്പര്യമുള്ളവരാണ് പലരും. രണ്ടു മാസം പ്രവര്‍ത്തനം നിലച്ചു പോയാല്‍ എല്ലാം ഒലിച്ചു പോകുമെന്ന് ഭയക്കരുത്. താല്‍ക്കാലിക ബുദ്ധിമുട്ട് ഉണ്ടാകും. അത് തരണം ചെയ്യാന്‍ സംരംഭകര്ക്കാകും. കൊവിഡിന് ശേഷം വലിയ സാധ്യതകളാണ് നമുക്കുള്ളത്. ആരോഗ്യ-വിദ്യാഭ്യാസ-ടൂറിസം മേഖലകളില്‍ ശോഭനമായ ഭാവിയാണ് കേരളത്തിനുള്ളത്, ടിഎസ് പട്ടാഭിരാമന് പറഞ്ഞു.
പ്രതിസന്ധിയുണ്ട്
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ പ്രവര്‍ത്തനം കൊണ്ട് കൊവിഡിനെ ഒരു പരിധി വരെ പിടിച്ചു നിര്‍ത്താന്‍ നമുക്കായിട്ടുണ്ട്. ഇക്കാര്യത്തില്‍ ഏറ്റവും കുറഞ്ഞ ഭീതിയുള്ളത് കേരളത്തിലെന്നത് ഭാഗ്യമാണ്. വലിയ പരീക്ഷണ ഘട്ടങ്ങളിലൂടെയാണ് നമ്മള് കടന്നു പോകുന്നത്. ഇതു വരെ നമ്മള് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ലാത്തതാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ എന്നത്. ബിസിനസ് മേഖലയ്ക്ക് വിഷുവും ഈസ്റ്ററും പെരുന്നാള്‍ വിപണി നഷ്ടപ്പെട്ടു കഴിഞ്ഞു. മഴക്കാലം തുടങ്ങുന്നതോടെ ആറു മാസം സ്വാഭാവികമായും മാന്ദ്യം അനുഭവപ്പെടുകയും ചെയ്യും. ബിസിനസ് നിലച്ച സ്ഥിതിയാണ്. എന്നാല്‍ ചെലവ് കുറഞ്ഞിട്ടില്ല. ജീവനക്കാരുടെ വേതനം, ഇഎസ്ഐ, പിഎഫ്, ഇലക്ട്രിസിറ്റി ചാര്‍ജ്, പ്രോപ്പര്‍ട്ടി ടാക്സ് തുടങ്ങിയ ചെലവുകള്‍ ഇപ്പോഴുമുണ്ട്. സംഘടനാ ഭാരവാഹിയെന്ന നിലയില്‍ സംരംഭകരുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്. അതില്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വരാനിരിക്കുന്നത് അവസരങ്ങള്‍
ജീവനക്കാരുടെ കാര്യത്തില്‍ സംരംഭകര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാണ് പറയാനുള്ളത്. അവരാണ് സംരംഭകരുടെ ശക്തി. ഓരോരുത്തരും ഉയര്‍ന്നു വരുന്നതില്‍ ജീവനക്കാരുടെ പ്രാര്‍ത്ഥനയുണ്ട്. ഓരോരുത്തരുടേയും സാമ്പത്തിക ശേഷിക്കനുസരിച്ച് ജീവനക്കാരെ സഹായിക്കണം.
ആത്മധൈര്യം കൈവിടാതിരിക്കുകയെന്നതാണ് സംരംഭകര്‍ ഇപ്പോള്‍ ചെയ്യേണ്ടത്. പോസിറ്റിവായി കാര്യങ്ങളെ സമീപിക്കണം, കൊവിഡിന് ശേഷം രാജ്യത്തിന് അനുകൂലമായ സമയമാണ് വരാനാരിക്കുന്നത്. വികസിത രാജ്യങ്ങളെല്ലാം അവരുടെ വ്യവസായ ശാലകള്‍ ചൈനയില്‍ നിന്ന് മാറ്റാനൊരുങ്ങുന്നു. സ്വാഭാവികമായും ഏറ്റവും കൂടുതല്‍ മനുഷ്യവിഭവ ശേഷിയുള്ള ഇന്ത്യയ്ക്ക് അതിന്റെ പ്രയോജനം ലഭിക്കും. വ്യാവസായിക പരമായ പുരോഗതി നമുക്കുണ്ടാവും. ആരോഗ്യ സംരക്ഷണത്തില്‍ ലോകഭൂപടത്തില്‍ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ ഇതോടെ കേരളത്തിനും ആയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ മരണം ഇവിടെയായിരുന്നു. ആരോഗ്യ, വിഭ്യാസ, ടൂറിസം രംഗങ്ങളില്‍ കേരളത്തിന് മുന്നേറാനുള്ള മികച്ച അവസരമാണ് മുന്നിലുള്ളത്.
കടപ്പാട്…