കൊവിഡിനെ കേരളം എങ്ങനെയാണ് നേരിട്ടതെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ ബിബിസി വേൾഡ് ന്യൂസിൽ തത്സമയം. കൊവിഡിനെ കേരളം ഫലപ്രദമായി പ്രതിരോധിച്ച് കൊണ്ടിരിക്കുന്നതോടെ നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളാണ് ആരോഗ്യമന്ത്രിയുടെ അഭിമുഖം അടക്കം വിശദമായ റിപ്പോർട്ട് പലപ്പോഴായി നൽകിയത്.

ഇതിന് പിന്നാലെയാണ് ബിബിസി വേൾഡ് ന്യൂസിൽ ചർച്ചയ്ക്കിടെ തത്സമയം ശൈലജ ടീച്ചർ എത്തിയത്. കൊവിഡിനെ എങ്ങനെയാണ് കേരളത്തിന്റെ ആരോ​ഗ്യമേഖല ചെറുത്തതെന്ന് ശൈലജ ടീച്ചർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ഇതോടെ ബിബിസിയിൽ ശൈലജ ടീച്ചർ സംസാരിക്കുന്നത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

ലോകത്തെ ഏറ്റവും വലിയ ലോക് ഡൗൺ ഇന്ത്യയിലാണെന്ന് പറഞ്ഞുകൊണ്ടാണ് ബിബിസി അവതാരകൻ ചർച്ച തുടങ്ങിയത്. കൂടാതെ ഇന്ത്യയിലെ ജനസംഖ്യ വെച്ച് നോക്കുമ്പോൾ താരതമ്യേന മരണനിരക്ക് കുറവാണെന്നും അവതാരകൻ പറഞ്ഞു. മൂന്നരക്കോടി ജനങ്ങളുളള കേരളത്തിൽ കൊവിഡിനെ തുടർന്ന് വെറും നാലുപേർ മാത്രമാണ് മരിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഒരുക്കിയതിൽ ആരോ​ഗ്യമന്ത്രി അഭിനന്ദിക്കപ്പെടുന്നതും ചൂണ്ടിക്കാട്ടിയാണ് ശൈലജ ടീച്ചറോടുമായുളള സംഭാഷണം ബിബിസി അവതാരകന്‍ തുടങ്ങിയത്.

കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഇതിനൊപ്പം കാണിക്കുകയും ചെയ്തു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ആർദ്രം പദ്ധതി, ആരോഗ്യപ്രവർത്തകരുടെ ഏകോപനം, വിവിധ ഘട്ടങ്ങളായുളള നിരീക്ഷണം എന്നിവയെല്ലാം സംസ്ഥാനം എങ്ങനെയാണ് നടത്തിയതെന്ന് ശൈലജ ടീച്ചർ ബിബിസി അവതാരകനോട് വ്യക്തമാക്കി.

വിദേശങ്ങളിൽ നിന്ന് മടങ്ങിവരുന്നവരെ എങ്ങനെയാണ് സംസ്ഥാനം സ്വീകരിക്കുന്നതെന്നും അവർക്കായുളള പ്രതിരോധ പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്നും വിശദീകരിച്ചു. ലണ്ടനില്‍ നിന്നുള്ള ഗാര്‍ഡിയന്‍ പത്രം കെ.കെ ശൈലജയുമായുള്ള വിശദമായ അഭിമുഖം കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ചതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൂടാതെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളും കേരളം കൊവിഡിനെ നേരിടുന്ന രീതിയിൽ അഭിനന്ദിക്കുകയും വിശദാംശങ്ങൾ ചോദിച്ചറിയുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here