തൊടുപുഴ: വേനല്‍ മഴ ശക്തമാകുന്ന സാഹചര്യത്തിലും മൂലമറ്റം പവര്‍ഹൗസില്‍ വൈദ്യുതി ഉല്പാദനം വര്‍ധിപ്പിച്ചതിനാലും മലങ്കര അണക്കെട്ടിന്റെ മൂന്ന് ഷട്ടര്‍ ഞായറാഴ്ച രാവിലെ തുറന്നു. ആകെ ആറ് ഷട്ടര്‍ ഉള്ളതില്‍ മൂന്ന്, നാല്, അഞ്ച് ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. ഞായറാഴ്ച വൈകീട്ട് നാലുവരെ 41.34 മീറ്ററാണ് മലങ്കരയിലെ ജലനിരപ്പ്. 42 മീറ്ററാണ് മലങ്കര ജലാശയത്തിന്റെ മൊത്തം സംഭരണശേഷി.
മൂലമറ്റം പവര്‍ഹൗസില്‍നിന്നുള്ള വെള്ളമൊഴുക്ക് കൂടാതെ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലുള്ള പുഴകളിലും തോടുകളിലും നീരൊഴുക്ക് കൂടിയിട്ടുണ്ട്. ദിവസങ്ങളായി 80 ലക്ഷം യൂനിറ്റിനു മുകളിലാണ് മൂലമറ്റത്തെ ഉല്പാദനം. അടുത്തദിവസങ്ങളില്‍ കനത്ത മഴ പ്രവചിച്ചിരിക്കെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി കുറക്കുന്നതിനു കൂടിയാണ് ഉല്പാദനം വര്‍ധിപ്പിച്ചത്.