കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 9 മലയാളികൾ ഇന്നലെ ഗൾഫിൽ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 95 ആയി ഉയർന്നു. കോവിഡിന് കീഴടങ്ങിയ മലയാളികളിൽ എഴുപതോളം പേർ യു.എ.ഇയിലാണ്.

അഞ്ച് മലയാളികളാണ് യു.എ.ഇയിൽ മാത്രം ഇന്നലെ മരിച്ചത്. അജ്മാനിലാണ് രണ്ട് മരണം. കണ്ണൂർ വെള്ളുവക്കണ്ടി നെല്ലിക്കപ്പാലം സ്വദേശി അബ്ദുൽ സമദ്, കുന്ദംകുളം പാർളിക്കാട് കുന്നുശ്ശേരി ചനോഷ് എന്നിവരാണ് അജ്മാനിൽ മരിച്ചത്. അബ്ദുൽ സമദിന് 58ഉം ചനോഷിന് 33ഉം വയസുണ്ട്. അബൂദബിയിലാണ് മറ്റു രണ്ട് മരണം. കാസർകോട് തലപ്പാടി സ്വദേശി അബ്ബാസ് (45) അബൂദബി മഫ്റഖ് ആശുപത്രിയിലാണ് മരിച്ചത്. ഖലീഫ സിറ്റി അൽ ഫുർസാൻ കമ്പനിയിൽ ഡ്രൈവറാണ്. കാഞ്ഞങ്ങാട് മടിക്കൈ അമ്പലത്തുകര ചുണ്ടയിൽ കുഞ്ഞാമദ് ആണ് അബൂദബിയിൽ മരിച്ച മറ്റൊരാൾ. 56 വയസുണ്ട്. ബനിയാസ് വെസ്റ്റിൽ ഗ്രോസറി നടത്തി വരികയായിരുന്നു. കാസർകോട് കറ്റാനം ഭരണക്കാവ് കട്ടച്ചിറ ശ്രീരാഗത്തിൽ ആർ. കൃഷ്ണപിള്ളയാണ് (61) കോവിഡ് ബാധിച്ച് ദുബൈയിൽ മരിച്ചത്.

കുവൈത്തിൽ മൂന്ന് മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് എലത്തൂർ സ്വദേശി ടി.സി അഷ്റഫ് (55), പാലക്കാട് കൊല്ലേങ്കാട് സ്വദേശി വിജയ ഗോപാൽ (65), കാസർകോട് കുമ്പള സ്വദേശി മുഹമ്മദ് അബൂബക്കർ ഷിറിയ (57) എന്നിവരാണ് മരിച്ചത്. സൗദിയിലാണ് മറ്റൊരു മരണം. കൊല്ലം അഞ്ചൽ ഇടമൂളക്കൽ ആതിര ഭവനിൽ മധുസൂദനൻ പിള്ള റിയാദിലെ അൽ ഹമ്മാദി ആശുപത്രിയിലാണ് മരിച്ചത്. 61 വയസ്.

LEAVE A REPLY

Please enter your comment!
Please enter your name here