ലോക്ക് ഡൗണ്‍ കാലത്ത് വിദ്യാര്‍ത്ഥികളെ സുരക്ഷിതരായി വീടുകളിലെത്തിക്കാന്‍ യാത്രാസൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഒരുക്കണമെന്ന് എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍. വിവിധ ഇടങ്ങളിൽ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണവും വെള്ളവും താമസസ്ഥലവും അവശ്യവസ്തുക്കളും ഇല്ലാത്ത അവസ്ഥയാണ്. അവരെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മേയ് 20ന് അഖിലേന്ത്യാ പ്രതിഷേധം സംഘടിപ്പിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തീരുമാനിച്ചു. ശാരീരീക അകലം പാലിച്ചുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ വ്യക്തമാക്കുന്നു. പ്രധാനമായും ഏഴ് ആവശ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

ADVERTISEMENT

യുഎപിഎ അടക്കമുള്ള കരിനിയമങ്ങള്‍ ചുമത്തി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുന്നതിനെതിരെ പ്രസ്താവനയില്‍ ശക്തമായ പ്രതിഷേധങ്ങളുയര്‍ത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥി പ്രവര്‍ത്തകരായ സഫൂറ സര്‍ഗാര്‍, മീരാന്‍ ഹിയാദര്‍ തുടങ്ങിയവരെ അറസ്റ്റ് ചെയ്തത് വിദ്യാര്‍ത്ഥിസംഘടനകള്‍ ചൂണ്ടിക്കാട്ടി. ലോക്ക് ഡൗണ്‍ സമയത്ത് വലതുപക്ഷ ഭരണകൂടം എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ നടത്തുന്ന ഈ വേട്ടയാടലിനെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു.
പരീക്ഷകളുടെ ഓണ്‍ലൈന്‍ നടത്തിപ്പ് ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. ഹൈ സ്പീഡ് ഇന്റര്‍നെറ്റിന്റെ അഭാവം പലയിടങ്ങളിലും പ്രശ്‌നമാണ്. സൂം ആപ്പുകളും മറ്റും വഴി ക്ലാസ് നടത്തുന്നത് സുരക്ഷാ പ്രശ്‌നങ്ങളും സ്വകാര്യതാ ലംഘനങ്ങളും ഉയര്‍ത്തുന്നുണ്ട്. പുറത്തുനിന്നുള്ളവരുടെ കടന്നുകയറ്റവും വനിതാ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും നേരെയും ആക്രമണങ്ങള്‍ക്ക് സാധ്യത. മതിയായ ഫണ്ട് അനുവദിക്കാത്തത് മൂലമുണ്ടാകുന്ന അസമത്വം, സ്വകാര്യവത്കരണം, ലാഭക്കൊതി തുടങ്ങിയ വിദ്യാഭ്യാസ രംഗത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വിദ്യാഭ്യാസരംഗത്തെ വാണിജ്യവത്കരണത്തിന് വേണ്ടി വാദിക്കുന്നവര്‍ക്കാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം സഹായകമാവുക. വിദ്യാഭ്യാസരംഗത്ത് പൊതുനിക്ഷേപവും അടിസ്ഥാന സൗകര്യങ്ങളും ആവശ്യപ്പെടുന്ന രീതികളെ നിരുത്സാഹപ്പെടുത്തുകയാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് അമിത് പ്രാധാന്യം നല്‍കുന്നതിലൂടെ ചെയ്യുന്നത് എന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിക്കുന്നു.

എല്ലാ യൂണിവേഴ്‌സിറ്റികള്‍ക്കും പൊതുവായി അക്കാഡമിക്ക് കലണ്ടര്‍ വേണം. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. പരീക്ഷാനടത്തിപ്പിന്റെ സൗകര്യം, മറ്റൊരു യൂണിവേഴ്‌സിറ്റി തിരഞ്ഞെടുക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കണം.
പിന്നോക്ക പശ്ചാത്തലമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ ഗ്രാന്‍ടുകളേയും ഫെലോഷിപ്പുകളേയും മറ്റും ആശ്രയിച്ചാണ് പഠനം മുന്നോട്ടുകൊണ്ടുപോകുന്നത്. ലോക്ക് ഡൗണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധിക സാമ്പത്തിക ചെലവുകളാണ് ഉണ്ടാക്കിയിരിക്കുന്നത്. തൊഴിലാളികള്‍ക്കുണ്ടായ ജോലി നഷ്ടം, കര്‍ഷകരുടെ പ്രശ്നങ്ങൾ തുടങ്ങിയവയുമായെല്ലാം ഈ അധിക ചെലവ് ബന്ധപ്പെട്ടിരിക്കുന്നു. ഫെലോഷിപ്പുകള്‍ കൃത്യമായി നല്‍കണം.

യുജിസി, സിഎസ്‌ഐആര്‍, മാനവ വിഭവ ശേഷി മന്ത്രാലയം (എംഎച്ച്ആര്‍ഡി) എന്നിവയുടേതോ സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ഫെലോഷിപ്പുകളായ ജെആര്‍എഫ് / എസ്ആര്‍എഫ്, നോണ്‍ നെറ്റ്, കണ്ടിന്‍ജന്‍സി, എംഎഎന്‍എഫ്, ആര്‍ജിഎന്‍എഫ്, സിംഗിള്‍ ഗേള്‍ ഫെല്ലോഷിപ്പ് എന്നിവ വേഗത്തില്‍ അനുവദിക്കണം. യുജിസിയും യൂണിവേഴ്‌സിറ്റികളുടെ വൈസ് ചാന്‍സിലര്‍മാരും ഫെല്ലോഷിപ്പുകള്‍ കൃത്യമായി വിതരണം ചെയ്യാനുള്ള സംവിധാനം ഉറപ്പുവരുത്തണം.
ഡല്‍ഹിയില്‍ കുടങ്ങിയ വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നിഷേധാത്മക സമീപനം സ്വീകരിച്ചു എന്ന വിമര്‍ശനം ശക്തമായിരിക്കുന്നതിന് ഇടെയാണ് എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. എസ് എഫ് ഐ നേതാക്കളായ ഐഷി ഘോഷും (ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്) മയൂഖ് ബിശ്വാസും പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്.

  1. ഒരു നിശ്ചിത മിനിമം തുക സര്‍ക്കാര്‍ വിദ്യാത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നല്‍കണം.
  2. ഡിഗ്രി മുതല്‍ പിഎച്ച്ഡി വരെ തടഞ്ഞുവച്ച ഫെലോഷിപ്പുകളും സ്‌കോളര്‍ഷിപ്പുകളും ഗ്രാന്‍ടുകളും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക.
  3. മൂന്ന് മാസത്തെ ഫീസ് എഴുതിത്തള്ളുക.
  4. ലോക്ക്ഡൗണ്‍ കാലത്ത് ഹോസ്റ്റല്‍ ഫീസ് ഒഴിവാക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഹോസ്റ്റല്‍ വാടക നല്‍കുക.
  5. വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ അംഗീകരിച്ച് നടപ്പാക്കുക.
  6. ലോക്ക് ഡൗണ്‍ കാലത്ത് വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം ഉറപ്പുവരുത്താന്‍ സംവിധാനം.
  7. കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പുവരുത്തുക. യൂണിവേഴ്‌സിറ്റികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വേതനം ഉറപ്പാക്കുക.

COMMENT ON NEWS

Please enter your comment!
Please enter your name here