തൃശൂര്‍: മാസ്‌ക്ക് ധരിച്ചില്ലെങ്കില്‍ പിഴ 200 രൂപ. ആവര്‍ത്തിച്ചാല്‍ പിഴ 5000 രൂപയും. ഈ പിഴയൊക്കെ സാധാരണക്കാരന്റെ കാര്യത്തില്‍ കര്‍ശനമാണ്. അതേ കേരളത്തിലാണ് മാസ്‌ക്ക് ധരിക്കാതെ ഒരു മന്ത്രി മാസ്‌ക്ക് സംസ്‌കാരം തനിക്ക് ബാധകമല്ലെന്ന് പ്രഖ്യാപിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് ഇന്‍സിറ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തി വിവാദത്തിലായ മന്ത്രി എ.സി മൊയ്തീനാണ് മാസ്‌ക്ക് ധരിക്കാതെ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ പരസ്യമായ ആഹ്വാനം നല്‍കുന്നത്. മാസ്‌ക്ക് കേരളത്തില്‍ നിര്‍ബന്ധമാക്കിയ ശേഷം നടന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഏറ്റുവാങ്ങല്‍ ചടങ്ങിലാണ് മാസ്‌ക്ക് ധരിക്കാതെ മന്ത്രി എത്തുന്നത്.

എരുമപ്പെട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികതാരങ്ങളാണ് തങ്ങളുടെ സംഭാവനയായി പതിനായിരം രൂപ നല്‍കിയത്. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങിലാണ് മന്ത്രി മാസ്‌ക്ക് ധരിക്കാതെ കുട്ടികളില്‍ നിന്നും ചെക്ക് ഏറ്റുവാങ്ങുന്ന പടം പുറത്തുവന്നിരിക്കുന്നത്. ആ സമയത്ത് അവിടെയുണ്ടായിരുന്ന ബാക്കി എല്ലാവരും മാസ്‌ക്ക് വെച്ചിട്ടുണ്ട്. അതേസമയം തുടര്‍ച്ചയായ ലോക്ക്ഡൗണ്‍ ലംഘനമാണ് മന്ത്രി നടത്തുന്നതെന്ന ആരോപണവും ശക്തമാണ്.

മന്ത്രി ഗുരുവായൂരില്‍ സന്ദര്‍ശനം നടത്തിയ ക്വാറന്റൈന്‍ കേന്ദ്രത്തിലെ രണ്ട് പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടര്‍ന്ന് മന്ത്രി ക്വാറന്റൈനില്‍ പോകണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കവെ അദ്ദേഹം സ്വന്തം നാട്ടിലെ സി.പി.എം നേതാവിന്റെ സംസ്‌ക്കാരച്ചടങ്ങില്‍ പങ്കെടുത്തത് വിവാദമായിട്ടുണ്ട്. ലോക്ഡൗണ്‍ നിയമം ലംഘിച്ച് നൂറിലേറെപ്പേര്‍ പങ്കെടുത്ത സംസ്‌ക്കാരച്ചടങ്ങില്‍ ഒന്നരമണിക്കൂറോളം മന്ത്രിയുടെ സാന്നിധ്യമുണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗംങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. മന്ത്രിയുടെ ക്വാറന്റൈന്‍ സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തില്‍ അവ്യക്തത തുടരുകയാണ്.

താന്‍ സാമൂഹിക അകലം പാലിക്കുമെന്ന് മന്ത്രി മാധ്യമങ്ങളിലൂടെ അറിയിച്ചത് കഴിഞ്ഞദിവസമാണ്. പൊതുപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തൊട്ടടുത്ത ദിവസം നൂറുകണക്കിനാളുകളുണ്ടായിരുന്ന സംസ്‌ക്കാരച്ചടങ്ങില്‍ മന്ത്രി പങ്കെടുക്കുന്നത് ശ്രദ്ദേയമാണ്. ലോക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച മന്ത്രിക്കെതിരെ പകര്‍ച്ചവ്യാധി നിരോധിത നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വടക്കാഞ്ചേരി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ അഖില്‍ പി. സാമുവല്‍ വടക്കാഞ്ചേരി സി.ഐയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here