കോഴിക്കോട്: പെരുന്നാളിന് നാട്ടിലെത്താനിരിക്കെയാണ് കോഴിക്കോട് പുത്തൂര്‍മഠം സ്വദേശി അഹമ്മദ് ഇബ്രാഹിം കോവിഡ് ബാധിച്ച് മരിക്കുന്നത്. ഇത്തവണ കുവൈത്തില്‍ നിന്നും മടങ്ങിവരാന്‍ തീരുമാനിച്ചത് ഇനിയൊരു പ്രവാസ ജീവിതമില്ലെന്ന് ഉറപ്പിച്ചാണ്. പക്ഷേ ബന്ധുക്കള്‍ക്ക് ഒരു നോക്കുപോലും കാണാനാകാതെ മണലാരണ്യത്തില്‍ എന്നന്നേക്കുമായി വിടപറഞ്ഞു അഹമ്മദ് ഇബ്രാഹിം.
വല്യുപ്പ വരുന്നത് കാത്തിരുന്നതാണ് ഈ കുഞ്ഞുമക്കള്‍. പെരുന്നാളിന് ഒത്തുകൂടാമെന്നും കൈനിറയെ ചോക്ലേറ്റ് തരാമെന്നും വീഡിയോ കോളിലൂടെ അവരോട് പറഞ്ഞതാണ്. പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പോയപ്പോഴും കോവിഡാണെന്ന് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. അസുഖം ഭേദമാകുമെന്നായിരുന്നു പ്രതീക്ഷ. പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിവരാനുള്ള തീരുമാനത്തിലായിരുന്നു അഹമ്മദ് ഇബ്രാഹിം. അദ്ദേഹത്തിന്റെ വരവും കാത്തിരുന്ന വീട്ടുകാര്‍ക്ക് മുന്നിലേക്കെത്തിയത് മരണ വാര്‍ത്തയാണ്.
രണ്ട് ഭാര്യമാരാണ് അഹമ്മദ് ഇബ്രാഹിമിനുള്ളത്. ഇവരില്‍ അഞ്ച് മക്കളും. എല്ലാവരും ഒത്തുചേര്‍ന്നൊരു സന്തോഷത്തിന്റെ പെരുന്നാളാണ് കോവിഡിലൂടെ അക്കരെ പൊലിഞ്ഞത്.